സംസ്ഥാന വനം വന്യജീവി വാരാഘോഷ സമാപനം തേക്കടിയിൽ നടത്തണം; ആവശ്യവുമായി സംഘടനകൾ രംഗത്ത്

കുമളി: സംസ്ഥാന വനം വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിന് അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടിയെ വേദിയാക്കണമെന്ന ആവശ്യവുമായി കുമളിയിലെ സാമൂഹിക, സാംസ്കാരിക, വ്യാപാര സംഘടനകൾ രംഗത്ത്. ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനാ പ്രതിനിധികൾ തിരുവനന്തപുരത്തെത്തി വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണുമായി കൂടിക്കാഴ്ച നടത്തി.

ജനകീയ വന്യജീവി വാരാഘോഷങ്ങൾക്ക് ആദ്യമായി തുടക്കം കുറിച്ച മണ്ണാണ് തേക്കടിയെന്നും, എന്നാൽ മുൻവർഷങ്ങളിലെ പ്രധാന ചടങ്ങുകളിൽ നിന്നും സമാപന പരിപാടികളിൽ നിന്നും തേക്കടിയെ ഒഴിവാക്കിയത് നിരാശാജനകമാണെന്നും ഭാരവാഹികൾ മന്ത്രിയെ ധരിപ്പിച്ചു. വാരാഘോഷത്തോട് അനുബന്ധിച്ച് തേക്കടിയിൽ നടക്കുന്ന സാംസ്കാരിക റാലി ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ്. പെരിയാർ ടൈഗർ റിസർവിന്റെ ജൈവവൈവിധ്യവും വന്യജീവി സംരക്ഷണ മാതൃകകളും ആഗോളതലത്തിൽ തന്നെ പ്രശസ്തമായതിനാൽ സമാപന സമ്മേളനം നടത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലം തേക്കടിയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

തേക്കടി ടൂറിസം കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാജി, പി.ടി.സി.എഫ് ഗവേണിംഗ് ബോഡി അംഗങ്ങളായ ഷാജി കുരിശുമുട്, എം. കെ. ഷാജി, ജോഷി പന്തല്ലുംപറമ്പിൽ, ആർ.എസ്.പി താലൂക്ക് സെക്രട്ടറി വി. പി. സുനിൽ, ടൂറിസം പ്രമോട്ടർമാരായ റോയി ജോസഫ്, സനൂപ് സ്‌കറിയ തുടങ്ങിയവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. വിഷയത്തിൽ അനുകൂലമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *