ന്യൂകാസിൽ: ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ ഹണ്ടർ മലയാളി സമാജത്തിന്റെ (HUMSAM) 2026–2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി അധികാരമേറ്റു. മുൻ വർഷങ്ങളിൽ സംഘടനയെ മികച്ച രീതിയിൽ നയിച്ച ജിനുവിന്റെ നേതൃത്വത്തിലുള്ള സമിതി ഔദ്യോഗിക രേഖകളും ചുമതലകളും പുതിയ നേതൃത്വത്തിന് കൈമാറി. ന്യൂകാസിലിലെ പ്രവാസി മലയാളികളെ ഒരുമിപ്പിച്ചു നിർത്തുന്നതിലും, ഓണം-ക്രിസ്മസ് ആഘോഷങ്ങൾ, കായിക-സാംസ്കാരിക പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായി സംഘടിപ്പിക്കുന്നതിലും മികച്ച പങ്കുവഹിച്ച മുൻ സമിതിക്ക് കമ്മ്യൂണിറ്റിയുടെ പേരിൽ ചടങ്ങിൽ സ്നേഹനിർഭരമായ നന്ദി രേഖപ്പെടുത്തി.
ജിന്റോ തോമസ്, ജീനോ ജോസ്, ഷാജി മണി, ഷിബു ജോസഫ്, ജോമോൻ ഇമ്മാനുവൽ, ജോൺസൺ ജോസ്, രഞ്ജിത്ത് അഗസ്റ്റ്യൻ, ഷിജി കുര്യാക്കോസ്, വീണ കിരൺ എന്നിവരാണ് പുതിയ സമിതി അംഗങ്ങളായി ചുമതലയേറ്റത്. ഇവർക്കൊപ്പം അഡ്വൈസറി കമ്മിറ്റി അംഗങ്ങളായി എബ്രഹാം കീപ്പുരത്തു, സഞ്ജയ് സെബാസ്റ്റ്യൻ എന്നിവരും പ്രവർത്തിക്കും. സുഗമമായ പ്രവർത്തന മാറ്റത്തിനും ഭാവി നയരൂപീകരണങ്ങൾക്കും പിന്തുണ നൽകാൻ നിലവിലെ സമിതിയിലെ മൂന്ന് അംഗങ്ങൾ കൂടി പുതിയ നേതൃത്വത്തിനൊപ്പം സഹകരിക്കും.
അതേസമയം, പുതിയ ടീമിന്റെ വരവ് പ്രവാസി സമൂഹത്തിൽ വലിയ പ്രതീക്ഷകൾ ഉണർത്തുമ്പോഴും നേതൃത്വ നിരയിലെ സ്ത്രീ പ്രാതിനിധ്യക്കുറവ് സമൂഹത്തിൽ സജീവ ചർച്ചയാകുന്നുണ്ട്. ഒമ്പതംഗ എക്സിക്യൂട്ടീവ് സമിതിയിൽ വീണ കിരൺ എന്ന ഒരൊറ്റ വനിത മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ന്യൂകാസിൽ മലയാളി സമൂഹത്തിൽ ആരോഗ്യ-വിദ്യാഭ്യാസ-ഐടി രംഗങ്ങളിൽ ഒട്ടനവധി വനിതകൾ സജീവമായി നിൽക്കുമ്പോൾ, സംഘടനാ നേതൃസ്ഥാനങ്ങളിലും തുല്യ പങ്കാളിത്തം ഉറപ്പാക്കാൻ ഇനിയും കൂടുതൽ മാറ്റങ്ങൾ ആവശ്യമാണെന്ന അഭിപ്രായം ഉയരുന്നുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ വനിതാ പങ്കാളിത്തം ഉറപ്പാക്കാൻ സമാജം മുൻകൈയെടുക്കുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ. ‘Our People, Our Community, Our Strength’ എന്ന ആപ്തവാക്യമുയർത്തി പ്രവർത്തിക്കുന്ന HUMSAM-ന് കൂടുതൽ ജനകീയവും സജീവവുമായ ഒരു പ്രവർത്തന കാലാവധി ആശംസിക്കുന്നു.

