ഇറാനിലെ വ്യോമാക്രമണം: യുഎസ് യുദ്ധക്കുറ്റം ചെയ്തതായി കരുതാൻ ന്യായമായ കാരണങ്ങളെന്ന് യുഎൻ ദൗത്യം

ജനീവ: ഇറാനിൽ യുഎസ് നടത്തിയ രണ്ട് വ്യോമാക്രമണങ്ങൾ യുദ്ധക്കുറ്റമായി കണക്കാക്കാൻ “ന്യായമായ കാരണങ്ങളുണ്ടെന്ന്” യുഎൻ പിന്തുണയുള്ള സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ ദൗത്യം. ഫെബ്രുവരി 28ന് മിനാബിലെ ഷജാരെഹ് തയ്യെബെ പ്രൈമറി സ്കൂളിലും ലാമെർഡിലെ സ്പോർട്സ് കേന്ദ്രത്തിലും നടന്ന ആക്രമണങ്ങളാണ് റിപ്പോർട്ട് പരിശോധിച്ചത്.

മിനാബിലെ പെൺകുട്ടികളുടെ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ 150ലേറെ പേർ കൊല്ലപ്പെട്ടതായും, ഇതിൽ ഏകദേശം 120 കുട്ടികളുണ്ടായിരുന്നതായും റിപ്പോർട്ട് പറയുന്നു. സ്കൂൾ വ്യക്തമായി തിരിച്ചറിയാവുന്ന സിവിലിയൻ കേന്ദ്രമായിരുന്നെന്നും സൈനിക ആവശ്യത്തിനായി ഉപയോഗിച്ചിരുന്നതായി തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. സമീപത്തുള്ള ഇറാനിയൻ റെവല്യൂഷനറി ഗാർഡ് കേന്ദ്രത്തിന്റെ സാന്നിധ്യം സ്കൂളിനെ നിയമാനുസൃത സൈനിക ലക്ഷ്യമാക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

സ്കൂൾ ആക്രമണത്തിൽ ഉപയോഗിച്ചത് യുഎസ് ടോമാഹോക്ക് മിസൈലാണെന്ന് അന്വേഷണസംഘം വിലയിരുത്തി. ആക്രമണം തെറ്റായ ലക്ഷ്യത്തിലേക്കുള്ള മിസൈൽ പതനമോ സമീപത്തെ സൈനിക കേന്ദ്രത്തിനെതിരായ ആക്രമണത്തിന്റെ ഭാഗമായുണ്ടായ നാശനഷ്ടമോ അല്ലെന്നും സ്കൂൾ കെട്ടിടം തന്നെയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് നിഗമനത്തിലെത്തിയതായും റിപ്പോർട്ടിലുണ്ട്.

അതേ ദിവസം ലാമെർഡിലെ സ്പോർട്സ് കേന്ദ്രത്തിനും സമീപത്തെ താമസമേഖലയ്ക്കുമെതിരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ 22 സിവിലിയന്മാർ കൊല്ലപ്പെട്ടതായി അന്വേഷണസംഘം പറഞ്ഞു. ഈ ആക്രമണവും സിവിലിയൻ കേന്ദ്രങ്ങൾക്കെതിരായ വിവേചനരഹിതമായ ആക്രമണമായി കണക്കാക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്നാണ് കണ്ടെത്തൽ.

അതേസമയം, യുഎസ് വ്യോമാക്രമണങ്ങൾ സംബന്ധിച്ച കണ്ടെത്തലുകൾക്കൊപ്പം ഇറാനിയൻ ഭരണകൂടത്തിനെതിരെയും ഗുരുതരമായ കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്. 2025 അവസാനം ആരംഭിച്ച് 2026ലും തുടർന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനിടെ നിയമവിരുദ്ധ കൊലപാതകങ്ങൾ, പീഡനം, അന്യായ തടങ്കൽ തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടന്നതായി അന്വേഷണസംഘം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *