തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം (SIT). ജിഎസ്ടി വെട്ടിപ്പ് സംബന്ധിച്ച ഫയലിൽ തുടർനടപടി സ്വീകരിക്കേണ്ടതില്ലെന്ന് താഴെത്തട്ടിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന ആരോപണമാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നത്.
മെസിയുടെ പേരിലുള്ള ഇടപാടുകളിൽ ഏകദേശം 25.78 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടന്നതായി അന്വേഷണസംഘം കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ വിദേശത്തേക്ക് നടത്തിയ പണമിടപാടുകളിൽ റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം അടയ്ക്കേണ്ട ഐജിഎസ്ടി ഉൾപ്പെടുന്നതായാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
2025ൽ നികുതി വെട്ടിപ്പ് സംബന്ധിച്ച് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ബന്ധപ്പെട്ട കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ തുടർനടപടി ഉണ്ടായില്ലെന്നാണ് അന്വേഷണത്തിൽ പരിശോധിക്കുന്നത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ചില ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിരുന്നു.
ഫയൽ കൈകാര്യം ചെയ്തിരുന്ന മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥരിൽനിന്ന് എസ്‌ഐടി മൊഴിയെടുത്തു. കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫീസറെയും കോഴിക്കോട് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഫയലിൽ എന്തുകൊണ്ട് തുടർനടപടി ഉണ്ടായില്ല, ആരുടെ നിർദേശപ്രകാരമാണ് നടപടി വൈകിയത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിച്ചത്. ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും എസ്‌ഐടി നീക്കം നടത്തുന്നുണ്ട്.
അന്വേഷണത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ മൊഴിയും രേഖപ്പെടുത്താനാണ് തീരുമാനം. അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട ചില രേഖകളും ഇമെയിൽ ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മന്ത്രിക്കെതിരെ കുറ്റം സ്ഥിരീകരിച്ചതായി അന്വേഷണസംഘം ഇതുവരെ അറിയിച്ചിട്ടില്ല.
അതേസമയം, മെസിയെ കേരളത്തിലെത്തിക്കുന്നതിനുള്ള നീക്കവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് പ്രധാന അന്വേഷണം. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട് 22.68 കോടി രൂപയുടെ ഐജിഎസ്ടി അടച്ചില്ലെന്നാണ് എസ്‌ഐടി കണ്ടെത്തിയതായി റിപ്പോർട്ട്. വിദേശ നിയമോപദേശകർക്കു നൽകിയ മറ്റ് പണമിടപാടുകളിലും നികുതി അടച്ചില്ലെന്ന കണ്ടെത്തലുണ്ട്.
കേസിന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയുടെ ഓഫീസിലും ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിലും എസ്‌ഐടി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ശേഖരിച്ച രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറാനാണ് നടപടി.

