മുംബൈ: പെർത്തിനും ഇന്ത്യയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനാണ് തങ്ങളുടെ സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വെസ്റ്റേൺ ഓസ്ട്രേലിയൻ പ്രീമിയർ റോജർ കുക്ക് വ്യക്തമാക്കി. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയുടെ (UWA) മുംബൈ കാമ്പസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായി നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി ഉറപ്പാക്കുക എന്നതിനാണ് ഭാവി വിമാന സർവീസുകളുടെ കാര്യത്തിൽ തന്റെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് റോജർ കുക്ക് പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ എയർലൈൻ കമ്പനികളുടെ പ്രതിനിധികളുമായി അദ്ദേഹം ഇത് സംബന്ധിച്ച ചർച്ചകൾ നടത്തും. നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നത് വിനോദസഞ്ചാരം, വ്യാപാരം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഓസ്ട്രേലിയയിലെ പ്രമുഖ ‘ഗ്രൂപ്പ് ഓഫ് എയ്റ്റ്’ (Go8) സർവകലാശാലകളിൽ ഇന്ത്യയിൽ കാമ്പസ് തുറക്കുന്ന ആദ്യ സ്ഥാപനമാണ് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ. കാമ്പസിന്റെ ഉദ്ഘാടനം ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണത്തിൽ പുതിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

