വേമ്പനാട് കായലിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു

ആലപ്പുഴ: വേമ്പനാട് കായലിൽ കന്നിട്ട ജെട്ടിക്ക് സമീപം ഹൗസ്‌ബോട്ടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച രാത്രി എട്ടോടെയാണ് പള്ളാത്തുരുത്തി വട്ടപ്പറമ്പിൽ ക്ഷേത്രത്തിന് തെക്കുവശത്ത് സംഭവം. തീപിടിച്ച ഹൗസ്‌ബോട്ട് പിന്നീട് കായലിൽ മുങ്ങി.

റിഫാദ് എന്നയാൾ ലീസിന് എടുത്ത ഹൗസ്‌ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയത്ത് ബോട്ടിൽ യാത്രക്കാരായ അതിഥികൾ ഉണ്ടായിരുന്നില്ല. ബോട്ടിലുണ്ടായിരുന്ന ജീവനക്കാർ തീപടരുന്നത് കണ്ടതോടെ പുറത്തേക്ക് മാറി. അതിനാൽ ആളപായമുണ്ടായില്ല.

ഹൗസ്‌ബോട്ടിന് സമീപം മറ്റ് ബോട്ടുകളും നിർത്തിയിട്ടുണ്ടായിരുന്നു. തീ പടരാൻ തുടങ്ങിയതോടെ ഇവ അഴിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഇതോടെ തീ മറ്റു ബോട്ടുകളിലേക്ക് പടരുന്നത് ഒഴിവാക്കാനായി.

വിവരമറിഞ്ഞ് ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേന റോഡ് മാർഗവും ബോട്ട് മാർഗവും സ്ഥലത്തെത്തി. റോഡ് മാർഗം എത്തിയ ഫയർഫോഴ്സ് വാഹനം കായൽത്തീരത്ത് ആളുകളുടെ ഇരുചക്രവാഹനങ്ങൾക്കിടയിൽ കുടുങ്ങി. തുടർന്ന് ബോട്ടിലെത്തിയ അഗ്നിരക്ഷാസേന സംഘം വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *