വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ നിർണായക തീരുമാനത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ കാര്യത്തിൽ കരാറിലെത്തുക, സാമ്പത്തിക സമ്മർദം ശക്തമാക്കുക, സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കുക എന്നീ മൂന്ന് സാധ്യതകളാണ് പരിഗണനയിലുള്ളതെന്ന് ട്രംപ് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ.
ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് ട്രംപ് താൻ “തീരുമാനമെടുക്കുന്ന ഘട്ടത്തിലാണ്” എന്ന് വ്യക്തമാക്കിയത്. അടുത്ത ദിവസങ്ങളിൽ “വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ” സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ കരാറിന് തയ്യാറാകുന്നില്ലെങ്കിൽ സാമ്പത്തികമായി കൂടുതൽ സമ്മർദം ചെലുത്തുന്നതും വലിയ തോതിലുള്ള സൈനിക നടപടിയും ഉൾപ്പെടെയുള്ള ഓപ്ഷനുകൾ പരിഗണിക്കുമെന്നതാണ് ട്രംപിന്റെ നിലപാട്.
അതേസമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തിനായി ന്യൂയോർക്കിലെത്താനിരിക്കെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. നയതന്ത്രപരമായ പരിഹാരത്തിനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന സൂചനയാണിത്.
ഇതിനിടെ, പുതിയ യുഎസ് ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ യുഎസ് സൈനിക താവളങ്ങളും താൽപര്യങ്ങളും ലക്ഷ്യമാകാമെന്നും ഇറാൻ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സംഘർഷത്തിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും ഊർജ കയറ്റുമതിയും സമ്മർദത്തിലായിരിക്കുകയാണ്. ഇതിനുപുറമെ യെമനിലെ ഹൂതി വിഭാഗത്തിന്റെ സൗദിക്കെതിരായ ആക്രമണങ്ങളും മേഖലയിൽ സംഘർഷം വ്യാപിക്കുന്നതിന്റെ സൂചനയായി തുടരുന്നു.

