ഐച്ചി-നഗോയ: ഏഷ്യൻ ഗെയിംസ് 2026ലെ റോയിങ് മത്സരത്തിൽ പുരുഷന്മാരുടെ ഡബിൾ സ്കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം. സത്‌നാം സിംഗും സൽമാൻ ഖാനും അടങ്ങിയ ഇന്ത്യൻ സഖ്യമാണ് മൂന്നാം സ്ഥാനത്തെത്തിയത്. നാഗരഗാവ ഇന്റർനാഷണൽ റെഗാട്ട കോഴ്‌സിൽ നടന്ന ഫൈനലിൽ 6:13.25 സമയത്തിലാണ് ഇന്ത്യൻ താരങ്ങൾ ഫിനിഷ് ചെയ്തത്.
ചൈനയുടെ യി ഷുദിയും യിഡെ നിയെയും 6:09.37 സമയത്തിൽ സ്വർണം നേടി. ഉസ്ബക്കിസ്ഥാന്റെ പാവൽ സോറിൻ–മെഖ്റോജ്ബെക് മാമത്കുലോവ് സഖ്യത്തിനാണ് വെള്ളി; സമയം 6:10.49. 1,500 മീറ്റർ വരെ രണ്ടാം സ്ഥാനത്തായിരുന്ന സത്‌നാം–സൽമാൻ സഖ്യം അവസാന 500 മീറ്ററിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ഏഷ്യൻ ഗെയിംസിലെ പുരുഷ ഡബിൾ സ്കൾസ് ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. സത്‌നാം സിംഗിന് ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലെ പുരുഷ ക്വാഡ്രപ്പിൾ സ്കൾസിലെ വെങ്കലത്തിന് പിന്നാലെ ലഭിക്കുന്ന മറ്റൊരു ഏഷ്യൻ ഗെയിംസ് മെഡലാണിത്. സൽമാൻ ഖാന്റെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലുമാണിത്.
അതേസമയം, പുരുഷ സിംഗിൾ സ്കൾസ് ഫൈനലിൽ ഇന്ത്യയുടെ ബൽരാജ് പൻവാർ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 6:54.80 ആയിരുന്നു സമയം. 500, 1,000, 1,500 മീറ്റർ ഘട്ടങ്ങളിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പൻവാറിന് അവസാന 500 മീറ്ററിൽ സ്ഥാനം നഷ്ടമായി.

