ട്രംപിനെ വധിക്കാൻ ഇറാന് പദ്ധതിയില്ലെന്ന് പ്രസിഡന്റ് പെസഷ്കിയാൻ

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയോ കുടുംബാംഗങ്ങളെയോ വധിക്കാൻ ഇറാൻ സർക്കാർ ഒരിക്കലും പദ്ധതിയിട്ടിട്ടില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിനെ വധിക്കുന്നത് ഇറാൻ സർക്കാരിന്റെ നയമായിരുന്നിട്ടില്ലെന്നും പരസ്യമായോ രഹസ്യമായോ അത്തരമൊരു ശ്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം യുഎസ് അധികൃതർ നേരത്തെ ഉന്നയിച്ചിരുന്നു. 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ വധിക്കാൻ ഇറാൻ ബന്ധമുള്ളവർ ശ്രമിച്ചെന്ന കേസിൽ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ സർക്കാർ ഈ ആരോപണങ്ങൾ നിഷേധിച്ചുവരികയാണ്.

ഇറാന്റെ ആണവപദ്ധതി, അമേരിക്കൻ ഉപരോധങ്ങൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടങ്ങിയ വിഷയങ്ങളിലും പെസഷ്കിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അമേരിക്കയുമായി നയതന്ത്ര ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *