ചെറുതോണി: നാല്പത്തിയെട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ കരുണാപുരം കുരുവിക്കാനം മാരാക്കുഴിയിൽ സരോജിനിക്ക് (79) ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമായി. കോന്നിയിൽനിന്ന് ഭർത്താവ് ശേഖരനോടൊപ്പം കുടിയേറി വാങ്ങിയ 62 സെന്റ് സ്ഥലത്തിനാണ് വ്യാഴാഴ്ച ചെറുതോണിയിൽ നടന്ന പട്ടയമേളയിൽ പട്ടയം ലഭിച്ചത്. 22 വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ പട്ടയത്തിനായുള്ള ശ്രമങ്ങൾ ഒറ്റയ്ക്കായിരുന്നു. പ്രായാധിക്യത്തിന്റെ അവശതകൾ വകവെക്കാതെ മകൻ ഹരിക്കൊപ്പം മേളയിലെത്തിയ സരോജിനിക്ക്, മന്ത്രി എ.പി. അനിൽകുമാർ സദസ്സിലേക്ക് നേരിട്ടെത്തിയാണ് പട്ടയം കൈമാറിയത്.
വാളറ തുമ്പിപ്പാറക്കുടിയിലെ മന്നാംകണ്ടം ചെല്ലമ്മയ്ക്കാണ് മേളയിൽ മന്ത്രി ആദ്യം പട്ടയം നൽകിയത്. ഹൃദ്രോഗബാധിതയായ ചെല്ലമ്മ കഴിഞ്ഞ 15 വർഷമായി പട്ടയത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ഭൂമിയുടെ രേഖകളില്ലാത്തതിനാൽ ബാങ്ക് വായ്പ പോലും ലഭിക്കാതെ ഭർത്താവിന്റെ തൊഴിലുറപ്പ് വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ചികിത്സയടക്കമുള്ള കാര്യങ്ങൾ ഇവർ മുന്നോട്ടു കൊണ്ടുപോയിരുന്നത്.
തലമാലക്കുടിയിൽ നിന്നെത്തിയ ആർ. ബിന്ദു, വർഷങ്ങൾക്ക് മുൻപ് മാതാപിതാക്കൾ നൽകിയ ഭൂമിയുടെ പട്ടയം ഏറ്റുവാങ്ങി. പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തുമ്പിപ്പാറക്കുടിയിലെ അനീഷ് തങ്കപ്പനും പട്ടയം ലഭിച്ചു. പ്ലസ് ടുവിന് പഠിക്കുന്ന ഇരട്ടപ്പെൺകുട്ടികളുടെ തുടർപഠനത്തിന് ബാങ്ക് വായ്പയെടുക്കാൻ ഇനി സാധിക്കുമെന്ന ആശ്വാസത്തിലാണ് അനീഷിന്റെ ഭാര്യ ചിന്നു പട്ടയം കൈപ്പറ്റിയത്.
മേളയിൽ ആകെ 683 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിൽ 1993-ലെ ഭൂമി പതിവ് ചട്ടപ്രകാരമുള്ള 645 പട്ടയങ്ങളും, 15 വനാവകാശരേഖകളും, ഏഴ് മിച്ചഭൂമി പട്ടയങ്ങളും ഉൾപ്പെടുന്നു. കൂടാതെ എട്ട് എൽ.ടി. ക്രയസർട്ടിഫിക്കറ്റുകളും, ഹൈറേഞ്ച് കോളനൈസേഷൻ സ്കീം പ്രകാരമുള്ള എട്ട് പട്ടയങ്ങളും കൈമാറി.

