ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടുക്കിയിലെത്തി. രാവിലെ 10-ന് ജില്ലാ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു.
മന്ത്രിമാരായ അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എ-മാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ, അഡ്വ. സിറിയക് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാതല മേധാവികളും യോഗത്തിൽ പങ്കെടുത്തു.
ഭൂപ്രശ്നങ്ങൾക്ക് പുറമെ ഇടുക്കി ജില്ലയുടെ സമഗ്ര വികസനം, വന്യജീവി ആക്രമണങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

