ആശ ശോഭന കേരളത്തിനായി തന്നെ കളിക്കും; സുരേഷ് ഗോപി ഇടപെട്ടു

തിരുവനന്തപുരം: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ആശ ശോഭന വരാനിരിക്കുന്ന ആഭ്യന്തര സീസണിലും കേരളത്തിനായി കളിക്കും. റെയിൽവേ ഉദ്യോഗസ്ഥയായ ആശയെ ഇത്തവണ റെയിൽവേ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് കേരളത്തിനായി കളിക്കാൻ റെയിൽവേ അനുമതി നൽകുകയായിരുന്നു.

കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ ആശ, സ്വന്തം സംസ്ഥാനത്തിനായി തുടരണമെന്ന താൽപര്യം അറിയിച്ചിരുന്നു. താരത്തെ കേരള ടീമിൽ നിലനിർത്തണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ സുരേഷ് ഗോപി ഇടപെട്ടതെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ നടന്ന സീചെം ട്രോഫിയിൽ ആശയുടെ നേതൃത്വത്തിൽ കേരളം കിരീടം നേടിയിരുന്നു. ടൂർണമെന്റിൽ മികച്ച ഓൾറൗണ്ട് പ്രകടനം നടത്തിയ ആശ രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു.

റെയിൽവേയ്ക്കായി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള ആശ, വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായും ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *