ബ്രിസ്ബൺ: ഓടുന്ന വാഹനത്തിന്റെ തുറന്ന പിൻഭാഗത്ത് പുറത്തേക്ക് തള്ളിനിന്ന ഫ്രിഡ്ജിന് സമീപം കിടന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്ത സംഭവത്തിൽ യാത്രക്കാരനും ഡ്രൈവർക്കുമെതിരെ ക്വീൻസ്ലാൻഡ് പോലീസ് കനത്ത പിഴ ചുമത്തി. ജോയ്നറിലെ (Joyner) യങ്സ് ക്രോസിംഗ് റോഡിലാണ് 46 വയസ്സുകാരനായ യാത്രക്കാരൻ ഫ്രിഡ്ജിനരികിൽ അപകടകരമായ വിധത്തിൽ കിടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
റോഡ് സുരക്ഷാ പരിശോധനയ്ക്കിടെ വാഹനം തടഞ്ഞുനിർത്തിയ പോലീസ് യാത്രക്കാരന് 1,617 ഡോളർ പിഴ ചുമത്തുകയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് നാല് ഡിമെറിറ്റ് പോയിന്റുകൾ കുറയ്ക്കുകയും ചെയ്തു. 40 വയസ്സുകാരനായ ഡ്രൈവർക്ക് 690 ഡോളർ പിഴയും മൂന്ന് ഡിമെറിറ്റ് പോയിന്റുകളുമാണ് ശിക്ഷ വിധിച്ചത്. ഇരുവരിൽ നിന്നുമായി ആകെ 2,307 ഓസ്ട്രേലിയൻ ഡോളറാണ് പിഴയായി ഈടാക്കുക.
വാഹനങ്ങളുടെ പിൻഭാഗം യാത്രക്കാരെ കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതല്ലെന്നും കൃത്യമായി കെട്ടി ഉറപ്പിക്കാത്ത വസ്തുക്കൾ കയറ്റി യാത്ര ചെയ്യുന്നത് ഗുരുതരമായതോ ജീവഹാനിക്ക് തന്നെയോ കാരണമായേക്കാവുന്ന അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പെട്ടെന്ന് വാഹനം നിർത്തേണ്ടി വരികയോ കൂട്ടിയിടിക്കുകയോ അല്ലെങ്കിൽ വലിയ വീട്ടുപകരണങ്ങൾ തെറിച്ചുവീഴുകയോ ചെയ്തിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിന് ഇടയാക്കുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

