തൃശൂർ: വ്യാജവാർത്തകളും ചെളിവാരിയെറിയലും നിറഞ്ഞ സോഷ്യൽ മീഡിയ നിലവാരത്തിലേക്ക് മുഖ്യധാരാ മാധ്യമങ്ങൾ താഴരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൽകിയ വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും ഖേദം പ്രകടിപ്പിക്കാത്ത രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണ-രാഷ്ട്രീയ-മത നേതൃത്വങ്ങൾ തെറ്റായ വഴിയിലേക്ക് പോകുമ്പോൾ അവ തിരുത്തുന്നതിൽ മാധ്യമങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും വളർന്നുവരുന്ന തലമുറയെ തെറ്റിദ്ധരിപ്പിക്കാത്ത മാധ്യമപ്രവർത്തനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും കൂടുതൽ ശക്തരാകണമെന്നും സംസ്ഥാനത്തെ രാജ്യത്തിന്റെ ഒന്നാം നിരയിലെത്തിക്കാനുള്ള ശ്രമങ്ങളിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും സതീശൻ പറഞ്ഞു.
തൃശൂരിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് തേക്കിൻകാട് മൈതാനത്തെ ലോകോത്തര നിലവാരമുള്ള സ്ക്വയറാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിനായി ആദ്യ ബജറ്റിൽ തന്നെ തുക വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദേശസഞ്ചാരികളെ ഉൾപ്പെടെ ആകർഷിക്കുന്ന തരത്തിലായിരിക്കും നവീകരണമെന്നും അദ്ദേഹം പറഞ്ഞു.

