ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധന (SIR) സംബന്ധിച്ച തീരുമാനങ്ങളിൽ ഏകോപനമില്ലെന്ന ആരോപണങ്ങൾക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സഹകമ്മിഷണർമാരായ സുഖ്വീന്ദർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് സദനിലാണ് യോഗം നടന്നത്.
SIR-മായി ബന്ധപ്പെട്ട വിഷയങ്ങളിൽ കമ്മിഷനിൽ ഐക്യകണ്ഠ്യേനയാണ് തീരുമാനങ്ങൾ എടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും കമ്മിഷൻ അറിയിച്ചു.
അതേസമയം, SIR-മായി ബന്ധപ്പെട്ട 14 വിഷയങ്ങളിൽ സഹകമ്മിഷണർമാർ നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ വിഷയങ്ങളിൽ പൂർണമായ പരിഹാരം ഉണ്ടായില്ലെന്നും വിയോജിപ്പുകൾ ഉയർന്ന വിഷയങ്ങളിൽ ചില വിശദീകരണങ്ങൾ മാത്രമാണ് കമ്മിഷന്റെ വാർത്താക്കുറിപ്പിൽ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് സഹകമ്മിഷണർമാരുമായുള്ള യോഗം നടന്നത്.

