കേപ് ടൗൺ: 2027ലെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം ഒക്ടോബർ ഒന്നിന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ പ്രഖ്യാപിക്കും. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. 2027 ഒക്ടോബർ–നവംബർ മാസങ്ങളിലായിരിക്കും ടൂർണമെന്റ്.
14 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ ആകെ 54 മത്സരങ്ങളാണുള്ളത്. ദക്ഷിണാഫ്രിക്കയിലും സിംബാബ്വെയിലും നമീബിയയിലുമായി 12 വേദികളാണ് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിൽ എട്ട് നഗരങ്ങളും സിംബാബ്വെയിൽ മൂന്ന് നഗരങ്ങളും നമീബിയയുടെ തലസ്ഥാനമായ വിൻഡ്ഹോക്കും വേദികളാകും.
ആഫ്രിക്കയിൽ 24 വർഷത്തിന് ശേഷമാണ് പുരുഷ ഏകദിന ലോകകപ്പ് തിരിച്ചെത്തുന്നത്. 2003ലാണ് ഇതിന് മുമ്പ് ആഫ്രിക്കയിൽ ലോകകപ്പ് നടന്നത്.
ടൂർണമെന്റിനുള്ള 14 ടീമുകളിൽ 10 ടീമുകൾ നേരിട്ട് യോഗ്യത നേടും. ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കും സിംബാബ്വെയ്ക്കും പുറമെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ എട്ട് ടീമുകൾക്ക് നേരിട്ടുള്ള യോഗ്യത ലഭിക്കും. ശേഷിക്കുന്ന നാല് ടീമുകളെ ഗ്ലോബൽ ക്വാളിഫയർ വഴിയാണ് കണ്ടെത്തുക.

