സിഡ്നി: പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ പലിശനിരക്ക് വീണ്ടും വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ (ആർ.ബി.എ). ക്യാഷ് റേറ്റ് 4.60 ശതമാനമായാണ് ഉയർത്തിയത്. 2026-ലെ ബാങ്കിന്റെ നാലാമത്തെ പലിശ വർദ്ധനവാണിത്. ഇതോടെ രാജ്യത്തെ ഭവനവായ്പക്കാർക്ക് തിരിച്ചടവ് തുകയിൽ വലിയ വർദ്ധനവുണ്ടാകും.
പലിശനിരക്കിലെ പുതിയ വർദ്ധനവോടെ സാധാരണ വേരിയബിൾ മോർട്ട്ഗേജ് നിരക്ക് 6.90 ശതമാനത്തിൽ നിന്ന് ഏകദേശം 7.15 ശതമാനത്തിലേക്ക് ഉയർന്നേക്കാം. ഇതോടെ 30 വർഷത്തെ പ്രിൻസിപ്പൽ ആൻഡ് ഇന്ററസ്റ്റ് ലോൺ തിരിച്ചടവിൽ കാര്യമായ വ്യത്യാസമാണ് വരുന്നത്. ഇതനുസരിച്ച് 5 ലക്ഷം ഡോളറിന്റെ വായ്പയ്ക്ക് പ്രതിമാസം ഏകദേശം 3,377 ഡോളറും, 7.5 ലക്ഷം ഡോളറിന്റെ വായ്പയ്ക്ക് 5,066 ഡോളറും, 10 ലക്ഷം ഡോളറിന്റെ വായ്പയ്ക്ക് പ്രതിമാസം 6,754 ഡോളറും തിരിച്ചടയ്ക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം ജൂലൈ മാസത്തിലും പണപ്പെരുപ്പം 3.5 ശതമാനമായി തുടരുകയാണ്. ട്രിംഡ്-മീൻ പണപ്പെരുപ്പം 3.6 ശതമാനത്തിലുമാണ്. ഇത് ആർ.ബി.എ ലക്ഷ്യമിടുന്ന പരിധിയേക്കാൾ മുകളിലാണ്. തുടർച്ചയായ പലിശ വർദ്ധനവുകൾ ഓസ്ട്രേലിയൻ കുടുംബങ്ങളുടെ പ്രതിമാസ ബജറ്റിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.

