ആൽബനീസിയുടെ മണ്ഡലത്തിലെ ഗോൾഫ് ക്ലബ്ബിന് 60 ലക്ഷം ഡോളറിന്റെ സർക്കാർ ഗ്രാന്റ്; സുതാര്യത ചോദ്യം ചെയ്ത് വിവാദം

സിഡ്നി: സ്വന്തം മണ്ഡലത്തിലെ ഗോൾഫ് ക്ലബ്ബിന് 60.5 ലക്ഷം ഡോളറിന്റെ (6.05 മില്യൺ) നികുതിപ്പണം ഗ്രാന്റായി അനുവദിച്ചതിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിക്കെതിരെ കടുത്ത വിമർശനവും ചോദ്യങ്ങളും ഉയരുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലത്തിലുള്ള മാരിക്‌വിൽ ഗോൾഫ് ക്ലബ്ബിൽ ഔദ്യോഗികമായി വെളിപ്പെടുത്താത്ത ഓണററി അംഗത്വം ആൽബനീസിക്ക് ഉണ്ടായിരുന്നുവെന്ന വിവരമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ലേബർ പാർട്ടിയുടെ 560 മില്യൺ ഡോളറിന്റെ മേജർ ആൻഡ് ലോക്കൽ കമ്മ്യൂണിറ്റി ഇൻഫ്രാസ്ട്രക്ചർ പദ്ധതിക്ക് കീഴിൽ സാമ്പത്തിക സഹായം സ്വീകരിക്കാൻ ക്ഷണിക്കപ്പെട്ട ഏക ഗോൾഫ് ക്ലബ്ബും ഇതു മാത്രമാണ്.

എന്നാൽ താൻ ഇപ്പോഴും ക്ലബ്ബിന്റെ ഓണററി അംഗമാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും വർഷങ്ങളായി ക്ലബ്ബ് ഹൗസ് ഉപയോഗിച്ചിട്ടില്ലെന്നും ആൽബനീസി വിശദീകരിച്ചു. ക്ലബ്ബ് ഹൗസിന്റെ പുനർനിർമ്മാണം, ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ, ലാൻഡ്‌സ്കേപ്പിംഗ്, മലിനജല-മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങൾ നവീകരിക്കൽ എന്നിവയ്ക്കാണ് തുക വിനിയോഗിക്കുന്നത്. അതേസമയം, താനല്ല ഈ ഗ്രാന്റ് അനുവദിച്ചതെന്നും ഇൻഫ്രാസ്ട്രക്ചർ മന്ത്രി കാതറിൻ കിംഗാണ് അന്തിമ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ക്ഷണിക്കപ്പെട്ടവർക്ക് മാത്രം അപേക്ഷിക്കാൻ അവസരമുള്ള ഈ പദ്ധതിയുടെ സുതാര്യതയ്ക്കെതിരെയും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. 2025-ലെ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ, ഈ പദ്ധതിക്ക് കീഴിൽ അനുവദിച്ച മൊത്തം ഫണ്ടിന്റെ മുക്കാൽ പങ്കും ലേബർ പാർട്ടിയുടെ സിറ്റിംഗ് സീറ്റുകളിലേക്കാണ് എത്തിയത് എന്നതും വിവാദത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *