ഒസ്ലോ: നോർവേയിലെ ജോട്ടുൻഹൈമെൻ മലനിരകളിലെ മഞ്ഞുപാളികൾ ഉരുകിയതോടെ ആയിരക്കണക്കിന് വർഷം പഴക്കമുള്ള പുരാവസ്തുക്കൾ പുറത്ത്. ഈ വർഷം നടത്തിയ പുരാവസ്തു ഗവേഷണത്തിൽ 48 പ്രാചീന അമ്പുകൾ കണ്ടെത്തി. ഇവയിൽ ഒന്നിന് 5,000 മുതൽ 6,000 വർഷം വരെ പഴക്കമുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
ഇന്ന്ലാൻഡ് കൗണ്ടി കൗൺസിലും ഓസ്ലോയിലെ കൾച്ചറൽ ഹിസ്റ്ററി മ്യൂസിയവും ചേർന്ന് നടത്തുന്ന ‘Secrets of the Ice’ പദ്ധതിയുടെ ഭാഗമായാണ് കണ്ടെത്തലുകൾ. ജോട്ടുൻഹൈമെനിലെ ക്വിറ്റിങ്ഷ്യോലെൻ മേഖലയിലെ ലാങ്ഫോന്നെ, സ്റ്റോർഫോന്നെ, ഹാങ്ക്ലെഫോന്നെ എന്നീ മഞ്ഞുപാളികളിലാണ് മൂന്നാഴ്ച നീണ്ട പര്യവേക്ഷണം നടന്നത്.
കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള അമ്പിന് ശിലാഫലകത്തിൽ നിർമിച്ച അഗ്രഭാഗവും മരത്തണ്ടിന്റെ ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ഏകദേശം 3,600 വർഷം പഴക്കമുള്ള മറ്റൊരു അമ്പും കണ്ടെത്തി. മരത്തണ്ടിനൊപ്പം ശുദ്ധജല കക്കയുടെ പുറംതോടിൽ നിർമിച്ച അഗ്രഭാഗമാണ് ഇതിനുള്ളത്. അസ്ഥി, ഇരുമ്പ് തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച അമ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പ് അഗ്രങ്ങളുള്ള ചില അമ്പുകൾക്ക് ഏകദേശം 1,000 മുതൽ 1,500 വർഷം വരെ പഴക്കമുണ്ട്.
മഞ്ഞിനുള്ളിൽ കുടുങ്ങിക്കിടന്നതിനാൽ മരം, തുകൽ, തുണിത്തരങ്ങൾ തുടങ്ങിയ സാധാരണയായി പെട്ടെന്ന് നശിക്കുന്ന ജൈവവസ്തുക്കൾ പോലും ആയിരക്കണക്കിന് വർഷം സംരക്ഷിക്കപ്പെടാൻ കഴിഞ്ഞതായി ഗവേഷകർ പറയുന്നു. എന്നാൽ മഞ്ഞുരുകി പുറത്തുവരുന്നതോടെ ഇവ വായുവിനും സൂര്യപ്രകാശത്തിനും വിധേയമായി നശിക്കാനുള്ള സാധ്യതയുണ്ട്.
2006ൽ പദ്ധതി ആരംഭിച്ചതിന് ശേഷം നോർവേയിലെ മഞ്ഞുപ്രദേശങ്ങളിൽ 73 പുരാവസ്തു കേന്ദ്രങ്ങളും 5,000ലധികം പുരാവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കണ്ടെത്തലുകളിൽ വൈക്കിങ് കാലഘട്ടത്തിലെ വസ്തുക്കളായിരുന്നു കൂടുതലെങ്കിൽ, ഇപ്പോൾ കൂടുതൽ പഴക്കമുള്ള ശിലായുഗ, വെങ്കലയുഗ അവശിഷ്ടങ്ങളാണ് മഞ്ഞുരുകുന്നതിനൊപ്പം പുറത്തുവരുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
മഞ്ഞുപാളികൾ അതിവേഗം ചുരുങ്ങുന്നതിനാൽ ശേഷിക്കുന്ന പുരാവസ്തുക്കൾ കണ്ടെത്തി സംരക്ഷിക്കാൻ ഗവേഷകർ സമയത്തോട് മത്സരിക്കുകയാണ്.

