തിരുവനന്തപുരം: ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ശുചിത്വ റാലിയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) ദിവ്യകാന്ത് ചന്ദ്രാകർ ശുചിത്വ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
സെപ്റ്റംബർ 17 മുതൽ ഇന്ന് വരെ നീണ്ടുനിന്ന ക്യാമ്പയിനിൽ പതിമൂന്നായിരത്തിലധികം വോളന്റിയർമാർ പങ്കെടുത്തതായി ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി 32 മെട്രിക് ടണ്ണിലധികം മാലിന്യമാണ് ഡിവിഷന് കീഴിൽ നിന്ന് നീക്കം ചെയ്തത്. കൂടാതെ ആയിരത്തഞ്ഞൂറിലധികം വൃക്ഷത്തൈകൾ നടുകയും ചെയ്തു. റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിനും യാത്രക്കാർക്കിടയിൽ ബോധവത്കരണം ശക്തമാക്കുന്നതിനുമായാണ് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചത്.

