പഞ്ചമി ഗ്രാമം’ സംസ്ഥാനതല പദ്ധതി പ്രഖ്യാപനം ശനിയാഴ്ച കോങ്ങാട് മുനിക്കുന്നിൽ

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ‘പഞ്ചമി ഗ്രാമം’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് കോങ്ങാട് ഗ്രാമപഞ്ചായത്തിലെ പൂതക്കോട് ഗവ. എൽ.പി. സ്കൂളിൽ (മുനിക്കുന്ന് ഉന്നതിക്ക് സമീപം) നടക്കും. പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ടീച്ചർ പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും നിർവഹിക്കും. പാലക്കാട് ലോക്സഭാ മണ്ഡലം എം.പി. വി. കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയാകും. മുനിക്കുന്ന് ഉന്നതിയിലെ പദ്ധതി നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതിനുള്ള പ്രാഥമിക യോഗവും ഇതോടൊപ്പം നടക്കും.

15-ൽ താഴെ പട്ടികജാതി വിഭാഗ കുടുംബങ്ങൾ അധിവസിക്കുന്ന ഉന്നതികളിലാണ് പഞ്ചമി ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. വിവിധ മേഖലകളിലായി 40 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു നിയോജക മണ്ഡലത്തിൽ ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി രണ്ട് പദ്ധതികൾ വീതമാണ് ഏറ്റെടുക്കുക. നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോങ്ങാട് നിയോജക മണ്ഡലത്തിലെ മുനിക്കുന്ന്, കക്കാട്ടുപറമ്പ് ഉന്നതികളെയാണ് പൈലറ്റ് പ്രോജക്ട് ആയി തെരഞ്ഞെടുത്ത് ഭരണാനുമതി നൽകിയിട്ടുള്ളത്. അക്രഡിറ്റഡ് ഏജൻസി മുഖേന നിർവഹണം നടത്തുന്ന പദ്ധതിയുടെ പുരോഗതി എം.എൽ.എയുടെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തും.

സമഗ്രമായ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ സുരക്ഷിതമായ കുടിവെള്ളം, വൈദ്യുതി, മാലിന്യനിർമാർജനം, റോഡ് കണക്ടിവിറ്റി, ശുചിത്വ സൗകര്യങ്ങൾ, ഇന്റർനെറ്റ് കണക്ടിവിറ്റി, ഭവന നവീകരണം തുടങ്ങിയ ഘടകങ്ങൾ നടപ്പിലാക്കും. കൂടാതെ, മറ്റ് സ്രോതസ്സുകളിലെ ഫണ്ടുകൾ കൂടി സംയോജിപ്പിച്ച് ‘മാതൃകാ പഞ്ചമി ഗ്രാമം’ എന്ന നിലയിൽ വികസിപ്പിച്ചെടുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *