നിയമവിരുദ്ധ ഇ-ബൈക്കുകൾ തകർത്ത് എൻ.എസ്.ഡബ്ല്യു അധികൃതർ; പിടിച്ചെടുത്തവയിൽ മണിക്കൂറിൽ 90 കി.മീ വേഗതയുള്ളതും

സിഡ്നി: റോഡുകളിലും ഫുട്പാത്തുകളിലും അപകടകരമായ രീതിയിൽ ചീറിപ്പായുന്ന നിയമവിരുദ്ധ ഇലക്ട്രിക് ബൈക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് ന്യൂ സൗത്ത് വെയിൽസ് അധികൃതർ. പുതിയ നിയമപ്രകാരം പിടിച്ചെടുത്ത ഇ-ബൈക്കുകളുടെ ആദ്യ ബാച്ച് അധികൃതർ പരസ്യമായി തകർത്തു. ബ്ലാക്ക്ടൗണിൽ നടന്ന നടപടിയിൽ 23 അനധികൃത ഇ-ബൈക്കുകളാണ് മെഷീൻ ഉപയോഗിച്ച് പൂർണ്ണമായും തകർത്ത് ആക്രിയാക്കി മാറ്റിയത്.

പിടിച്ചെടുത്തവയിൽ 14 വയസ്സുകാരനിൽ നിന്ന് കണ്ടെടുത്ത ഒരു ബൈക്കിന് മണിക്കൂറിൽ 90 കിലോമീറ്ററിലധികം വേഗത കൈവരിക്കാൻ ശേഷിയുണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. നിയമപരമായ വേഗപരിധി മറികടക്കാൻ ക്രമീകരണങ്ങളിൽ കൃത്രിമം കാണിച്ചതും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതുമായ ഇ-ബൈക്കുകളാണ് പോലീസ് പ്രധാനമായും പിടിച്ചെടുത്തത്. ഇതുകൂടാതെ, പിടിച്ചെടുത്ത മറ്റ് 13 ബൈക്കുകൾ വിട്ടുകിട്ടുന്നതിനായുള്ള അപേക്ഷകൾ നിലവിൽ പരിഗണനയിലുണ്ട്.

വേഗത കൂട്ടിയ ഇ-ബൈക്കുകൾ മൂലമുണ്ടാകുന്ന ഗുരുതരമായ അപകടങ്ങളും പരിക്കുകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കർശന നടപടി. 2026 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മാത്രം ഇ-ബൈക്ക് അപകടങ്ങളിൽ പരിക്കേറ്റ 361 പേരാണ് സെന്റ് വിൻസെന്റ്സ് ആശുപത്രിയിൽ ചികിത്സ തേടിയത്. നിയമവിരുദ്ധ ഇ-ബൈക്കുകൾക്കുള്ള അന്ത്യമാണിതെന്ന് നടപടിയെക്കുറിച്ച് എൻ.എസ്.ഡബ്ല്യു ഗതാഗത മന്ത്രി ജോൺ ഗ്രഹാം വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *