ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം ഭീകരാക്രമണശ്രമം: യുഎഇ

ദുബായ്: ഇസ്രയേലിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിലെ കോ–പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച് വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചത് ഭീകരാക്രമണശ്രമമായിരുന്നെന്ന് യുഎഇ. യുഎഇ പ്രോസിക്യൂട്ടർ ജനറൽ ഹമദ് സൈഫ് അൽ ഷംസി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ കോ–പൈലറ്റ് കോക്പിറ്റിലുണ്ടായിരുന്ന എമർജൻസി ക്രാഷ് ആക്‌സ് ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.

സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട FZ1073 വിമാനത്തിലാണ് സംഭവം. 182 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആക്രമണത്തിനിടെ വിമാനം ഏതാനും നിമിഷങ്ങൾക്കുള്ളിൽ 16,000 അടിയിലേറെ താഴേക്ക് പതിച്ചതായി റിപ്പോർട്ടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ മച്ചാർ വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിക്കുകയും യാത്രക്കാരും മറ്റ് ജീവനക്കാരും കോ–പൈലറ്റിനെ കീഴടക്കുകയും ചെയ്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

സംഭവത്തിൽ ആക്രമണത്തിനിരയായ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ ആശുപത്രിയിൽ ചികിത്സയിലാണ്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും പിന്നീട് സുരക്ഷിതമായി ഇസ്രയേലിലെത്തിച്ചു.

കോ–പൈലറ്റിനെ ഒമാൻ സ്വദേശിയായ ഹമാം അൽ ഹമ്മാമി എന്നാണ് വിവിധ റിപ്പോർട്ടുകൾ തിരിച്ചറിഞ്ഞിരിക്കുന്നത്. ഒമാനിൽ നേരത്തെ അദ്ദേഹത്തിന് വിമാനമോടിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നുവെന്നും തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിത്വവും ഇത്തരം ആരോപണങ്ങളും യുഎഇ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന് പിന്നിലെ ലക്ഷ്യം, മറ്റാരുടെയെങ്കിലും പങ്കാളിത്തം, മുൻകൂട്ടിയുള്ള ആസൂത്രണം എന്നിവ സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

വിമാനത്തിന്റെ സുരക്ഷാ പരിശോധനകളും കോ–പൈലറ്റിന്റെ പശ്ചാത്തല പരിശോധനയും സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് വിമാന ജീവനക്കാരുടെ സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *