തിരുവനന്തപുരം : 50-ാമത് വയലാർ രാമവർമ സാഹിത്യ പുരസ്കാരം എഴുത്തുകാരി ആർ. രാജശ്രീക്ക്. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിനാണ് പുരസ്കാരം. ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ രൂപകൽപ്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്കാരത്തിനായി കൃതി തിരഞ്ഞെടുത്തത്.
വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്കാരം സമ്മാനിക്കും. വയലാർ രാമവർമയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ‘വയലാർ വർഷം 2025-26’ സമാപന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ്.
2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’ എന്ന കൃതിക്ക് രാജശ്രീ നേടിയിരുന്നു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ മലയാള വിഭാഗം ഗവേഷണകേന്ദ്രത്തിൽ അധ്യാപികയായും അവർ പ്രവർത്തിക്കുന്നു.

