ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ്ച വൈകിട്ട് ഇന്ത്യാ ഗേറ്റ് പരിസരത്തുനിന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ‘സിറ്റിസൺ മാർച്ച്’ എന്ന പേരിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും പോലീസ് മർദിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ മാർച്ച് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ചൊവ്വാഴ്ച ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കും പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 10ന് സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിലും പ്രതിഷേധം നടക്കും.

