ഏഴിക്കര: ആമ്പത്തോട് പാലത്തിന്റെ പുനർനിർമ്മാണത്തോടെ ഏഴിക്കര നിവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നതെന്നും പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസ്താവിച്ചു. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം 2023-2024 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 4.69 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആമ്പത്തോട് പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് വർഷം മുൻപ് പദ്ധതിക്കായി തുക അനുവദിച്ചിരുന്നെങ്കിലും കരാറെടുക്കാൻ ആളില്ലാതിരുന്നതിനാലും മറ്റ് സാങ്കേതിക തടസ്സങ്ങളാലും നിർമ്മാണം മുടങ്ങിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയാണ് നിലവിൽ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽത്തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പറവൂരിൽ നിന്നും വെറും 20 മിനിറ്റുകൊണ്ട് എറണാകുളത്തെത്താൻ സഹായിക്കുന്ന പദ്ധതി വൈകാതെ യാഥാർത്ഥ്യമാകും. ജിഡ ചെയർമാൻ എന്ന നിലയിൽ ആദ്യ യോഗത്തിൽത്തന്നെ ഇതിനായുള്ള പുതിയ പാലത്തിന്റെയും റോഡിന്റെയും നിർമ്മാണ അനുമതി ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചെറായി മുതൽ ചാത്തനാട് വഴി കടമക്കുടി വരെയുള്ള തീരദേശ റോഡ് പൂർത്തിയാകുന്നതോടെ ഏഴിക്കരയെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സാധിക്കും. കയാക്കിങ്, റിവർ ക്രൂയിസ്, വാട്ടർ സ്പോർട്സ് എന്നിവ ഉൾപ്പെടുത്തി മുസിരിസ് ടൂറിസത്തിന്റെ ഭാഗമായി ഈ മേഖലയെ വികസിപ്പിക്കും. നിലവിൽത്തന്നെ പ്രദേശത്ത് റിസോർട്ടുകൾ വന്നുതുടങ്ങിയിട്ടുണ്ടെന്നും പുതിയ റോഡ് വരുന്നതോടെ കൂടുതൽ വികസനവും തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാമ്പത്തിക വർഷം തന്നെ മണ്ഡലത്തിൽ ആറ് പ്രധാന പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. ചേന്ദമംഗലത്തെ മാട്ടുപുറം പാലം, പുത്തൻവേലിക്കരയിലെ കോഴിത്തുരുത്ത് പാലം, കണക്കൻകടവ് പാലം, ചെമ്മായം കോട്ടുവള്ളി പാലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വരും മാസങ്ങളിൽ ആരംഭിക്കും. ഇതിനുപുറമെ തത്തപ്പള്ളി-കോട്ടുവള്ളി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതായും അപ്രോച്ച് റോഡ് പണി പൂർത്തിയായാലുടൻ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാത്തനാട് കായൽ ആഴം കൂട്ടുന്നതിനായി ഡ്രഡ്ജിംഗ് നടത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം എത്രയും വേഗം നടപ്പിലാക്കുമെന്നും വികസനത്തിനായി എല്ലാവരുടെയും സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

