കൊല്ലത്ത് നവവധുവിന് നേരെ സ്ത്രീധന പീഡനം; കുക്കറും ബെൽറ്റും ഉപയോഗിച്ച് ക്രൂരമർദ്ദനം, ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ വിവാഹം കഴിഞ്ഞ് നാലുമാസം മാത്രം പിന്നിട്ട നവവധുവിന് നേരെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരമർദ്ദനം. പുത്തൻതുറ സ്വദേശിനിയായ അഞ്ജുവിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവ് നന്ദുവിനെ ഒന്നാം പ്രതിയാക്കി ഭർതൃമാതാപിതാക്കൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാലുമാസം മുൻപായിരുന്നു അഞ്ജുവിന്റെയും നന്ദുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം വിദേശത്തേക്ക് പോയ നന്ദു പിന്നീട് അഞ്ജുവിനെയും ഒപ്പം കൊണ്ടുപോയി. വിദേശത്തുവെച്ചും ക്രൂരമായ പീഡനം തുടരുകയായിരുന്നുവെന്ന് യുവതി പറയുന്നു.

കുക്കർ, ലാപ്ടോപ്പ് ചാർജർ, ബെൽറ്റ് എന്നിവ ഉപയോഗിച്ചായിരുന്നു മർദ്ദനം. ആക്രമണത്തിൽ യുവതിയുടെ ദേഹമാസകലം ഗുരുതരമായ ചതവുകളും മുറിവുകളും സംഭവിച്ചിട്ടുണ്ട്. പരിക്കുകളുടെ പാടുകൾ വ്യക്തമാകുന്ന ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സ്ത്രീധന പീഡനം, ക്രൂരമായ ശാരീരിക-മാനസിക ഉപദ്രവം എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിക്കേറ്റ അഞ്ജു നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *