തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റി വെനം കുത്തിവെപ്പ് 108 ആംബുലൻസുകളിൽ ലഭ്യമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് 108 ആംബുലൻസ് സംസ്ഥാന മീഡിയ കോഓർഡിനേറ്റർ അറിയിച്ചു.
പാമ്പുകടിയേറ്റാൽ 108-ൽ വിളിച്ചാൽ ആംബുലൻസ് വീട്ടിലെത്തി ഇൻജക്ഷനും പ്രാഥമിക ചികിത്സയും നൽകുമെന്ന തരത്തിലുള്ള തെറ്റായ സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, 108 ആംബുലൻസുകളിൽ ആന്റി വെനം സൂക്ഷിക്കുകയോ രോഗികൾക്ക് നൽകുകയോ ചെയ്യുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. പാമ്പുകടിയേറ്റ രോഗിയെ അടിയന്തരമായി ആന്റി വെനം ലഭ്യമായ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക മാത്രമാണ് ആംബുലൻസ് സർവീസിലൂടെ ചെയ്യുന്നത്.
നിലവിൽ സംസ്ഥാനത്തെ 146 സർക്കാർ ആശുപത്രികളിൽ ആന്റി വെനം ലഭ്യമാണ്. താലൂക്ക് തലം മുതലുള്ള ആശുപത്രികളിലും തെരഞ്ഞെടുത്ത ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും (CHC) ഈ സൗകര്യമുണ്ട്. ഏതെല്ലാം ആശുപത്രികളിലാണ് ആന്റി വെനം സ്റ്റോക്കുള്ളതെന്ന വിവരം ആരോഗ്യ വകുപ്പ് 108 കൺട്രോൾ റൂമിന് കൈമാറിയിട്ടുണ്ട്. അതിനാൽ പാമ്പുകടിയേറ്റാൽ ഇത്തരം തെറ്റായ വിവരങ്ങളിൽ വിശ്വസിച്ച് സമയം പാഴാക്കാതെ, രോഗിയെ എത്രയും വേഗം ആന്റി വെനം സൗകര്യമുള്ള ആശുപത്രിയിലെത്തിക്കാൻ 108 സേവനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു

