കൊഴിഞ്ഞാമ്പാറ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സജ്ജമാക്കിയ ജില്ലയിലെ രണ്ടാമത്തെ ‘കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ്’ കൊഴിഞ്ഞാമ്പാറയിൽ സുമേഷ് അച്യുതൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും ശീതീകരിച്ച റെസ്റ്റോറന്റിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾക്ക് പുറമെ ജ്യൂസുകൾ, കുഴിമന്തി, അൽഫാം, ചൈനീസ് വിഭവങ്ങൾ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഒരേസമയം 80 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഇരിപ്പിടങ്ങൾ, വാഹന പാർക്കിംഗ്, ശൗചാലയങ്ങൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. ഭക്ഷണം പാക്ക് ചെയ്തു നൽകുന്നതിനായി പ്രത്യേക ടേക്ക് എവേ കൗണ്ടറും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വനിതാ സംരംഭകരായ എൻ. പ്രതിഭ, ആർ. ആതിര, ജ്യോതിക എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രീമിയം കഫേ യാഥാർഥ്യമാക്കിയത്.
ചടങ്ങിൽ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർമാരായ വിജിത്രൻ, തണികാചലം, എം. സതീഷ്, കൊഴിഞ്ഞാമ്പാറ സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്ന, എരുത്തേമ്പതി സി.ഡി.എസ് ചെയർപേഴ്സൺ രജിത, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ എസ്. അനുരാധ, കെ.ആർ. ഗീത, ഡി.പി.എം (എം.ഇ) ഷഹാന ഫാത്തിമ, ബി.സി. വിജിന വി, വിവിധ സി.ഡി.എസ് ചെയർപേഴ്സൺമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, എം.ഇ.സിമാർ എന്നിവർ സംബന്ധിച്ചു.

