ബ്രിട്ടനിലെ രണ്ടാമത്തെ വലിയ സമ്പന്നൻ ഡേവിഡ് റ്യൂബെൻ രാജ്യം വിടുന്നു; താമസം മൊണാക്കോയിലേക്ക്

ലണ്ടൻ: സൺഡെ ടൈംസ് സമ്പന്നരുടെ പട്ടികയിൽ രണ്ടാമനായ ശതകോടീശ്വരൻ ഡേവിഡ് റ്യൂബെൻ (88) ബ്രിട്ടൻ വിട്ട് മൊണാക്കോയിലേക്ക് താമസം മാറുന്നു. നികുതി ഭാരവും മറ്റ് പ്രതികൂല സാഹചര്യങ്ങളും കാരണം ബ്രിട്ടൻ വിടുന്ന അതിസമ്പന്നരുടെ നിരയിലെ ഏറ്റവും പുതിയ കണ്ണിയാണ് ഇദ്ദേഹം. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനും ന്യൂകാസിൽ യുണൈറ്റഡിന്റെ ഓഹരി പങ്കാളിയുമായ ഡേവിഡിനും സഹോദരൻ സൈമൺ റ്യൂബെനും കൂടി 28 ബില്യൺ പൗണ്ടിന്റെ ആസ്തിയാണുള്ളത്. ഈ വർഷത്തെ റിച്ച് ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരാണ് ഇരുവരും.

ചരിത്രപ്രസിദ്ധമായ അഡ്മിറാലിറ്റി ആർച്ച്, കേംബ്രിഡ്ജ് ഹൗസ് എന്നീ കെട്ടിടങ്ങൾ ഏറ്റെടുത്ത് ആഡംബര ഹോട്ടലുകളാക്കി നവീകരിച്ചതിലൂടെ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ഡേവിഡ് റ്യൂബെൻ. നികുതിയിളവുകൾക്ക് പേരുകേട്ട മൊണാക്കോയിലേക്ക് കഴിഞ്ഞ വേനൽക്കാലത്താണ് ഇദ്ദേഹം മാറിയതെന്ന് ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഡേവിഡ് റ്യൂബെന്റെ വക്താവ് രാജ്യം വിട്ട വിവരം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ഉയർന്ന നികുതി നിരക്കുകളും വർധിച്ച കുടിയേറ്റവും മൂലം ശതകോടീശ്വരന്മാർ കൂട്ടത്തോടെ ബ്രിട്ടൻ ഉപേക്ഷിക്കുകയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമ സർ ജിം റാറ്റ്ക്ലിഫ് കഴിഞ്ഞയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാരിന്റെ ശരത്ക്കാല ബജറ്റിൽ നികുതി ഇനിയും ഉയർത്തുമെന്ന ആശങ്കയിൽ ഹെഡ്ജ് ഫണ്ട് സ്ഥാപകൻ ക്രിസ് റോക്കോസ് ഗ്രീസിലേക്ക് മാറിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഡേവിഡ് റ്യൂബെനും രാജ്യം വിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *