ഈരാറ്റുപേട്ട: ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞതോടെ സ്വന്തം മകനെപ്പോലെ സ്നേഹിച്ചൊരു ജീവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ തീരാക്കണ്ണീരിലാണ് പല്ലാട്ട് കുടുംബം. തങ്ങൾക്ക് ഒരു മകനെപ്പോലെയായിരുന്നു ബ്രഹ്മദത്തനെന്നും വീട്ടിലെ ഒരംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും ഉടമകളായ അഡ്വ. രാജേഷും സഹോദരൻ സതീഷും വിതുമ്പലോടെ ഓർത്തെടുക്കുന്നു. ചങ്ങലകളില്ലാതെ വീട്ടുമുറ്റത്തും പറമ്പിലും തികച്ചും ശാന്തനായി ഓടിനടന്നിരുന്ന ജീവനായിരുന്നു അവനെന്ന് ഇരുവരും പറയുന്നു. സ്വന്തമായി തടിമില്ല് ഉണ്ടായിരുന്നിട്ടും ഒരിക്കൽപോലും തടി പിടിപ്പിക്കാനല്ല, മറിച്ച് സ്വന്തം കുഞ്ഞിനെപ്പോലെ പരിപാലിക്കാനാണ് അവനെ വീട്ടിലേക്ക് കൊണ്ടുവന്നത്. അച്ഛൻ മരിച്ചുകിടന്ന വേളയിൽ മദപ്പാടിലായിരുന്നിട്ടും അവൻ അവിടെയെത്തി അച്ഛനെ ഒരുനോക്ക് കണ്ടത് സഹോദരങ്ങൾ വേദനയോടെ ഓർക്കുന്നു.
ഏറെ ഇഷ്ടമുള്ള ഈന്തപ്പഴവും മറ്റ് ഇഷ്ടഭക്ഷണങ്ങളും നൽകിയാണ് ബ്രഹ്മദത്തനെ വളർത്തിയത്. എവിടെപ്പോയി തിരിച്ചുവന്നാലും അമ്മ കമലമ്മയെ കണ്ടു സ്നേഹം പങ്കുവെച്ച ശേഷമേ അവൻ മടങ്ങുമായിരുന്നുള്ളൂ. അമ്മയിൽ നിന്ന് ഭക്ഷണം സ്വീകരിക്കാതെ എവിടെയും പോകുമായിരുന്നില്ല. മകനെപ്പോലെ വളർത്തിയ ബ്രഹ്മദത്തന്റെ വേർപാട് താങ്ങാനാകാതെ ‘ഞാൻ മരിച്ചാൽ മതിയായിരുന്നു, എന്റെ കുഞ്ഞ് പോയി’ എന്ന് അമ്മ നിലവിളിക്കുന്നത് കേട്ട് സതീഷിന്റെ വാക്കുകൾ ഇടറി.
ഇരുപത്തിയെട്ട് വർഷം മുൻപ് അരുണാചൽ പ്രദേശിൽ നിന്നാണ് പോത്തൻ വർഗീസും സഹോദരൻ ചാക്കോയും ചേർന്ന് കൊമ്പനെ കോട്ടയത്തെത്തിച്ചത്. ‘പുതുപ്പള്ളി ബ്രഹ്മദത്തൻ’ എന്നറിയപ്പെട്ടിരുന്ന അവൻ 16 വർഷം മുൻപാണ് ഈരാറ്റുപേട്ടയിലെ പല്ലാട്ട് കുടുംബത്തിലെത്തുന്നത്. തൃശൂർ പൂരം ഉൾപ്പെടെ സംസ്ഥാനത്തെ പ്രമുഖ ഉത്സവങ്ങളിലും ഏറ്റുമാനൂർ, തിരുനക്കര, ശക്തികുളങ്ങര, തൊടുപുഴ തുടങ്ങിയ മഹാക്ഷേത്രങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ഈ ഗജവീരൻ. 25 വർഷത്തോളം പാപ്പാനായിരുന്ന ളാക്കാട്ടൂർ ദാമോദരൻ നായരുടെ മരണശേഷം മൂവാറ്റുപുഴ സ്വദേശി ശരത്തും എറണാകുളം സ്വദേശി വിശാലുമായിരുന്നു ബ്രഹ്മദത്തനെ സ്നേഹത്തോടെ പരിചരിച്ചിരുന്നത്. നിയമപരമായ ആവശ്യത്തിനല്ലാതെ യാതൊരു ചങ്ങലകളുടെയും ആവശ്യമില്ലാത്ത ശാന്തസ്വഭാവക്കാരനായിരുന്നു അവൻ. ഒരിക്കൽ ഉത്സവപ്പറമ്പിൽ എട്ടോളം ആനകൾ വിരണ്ടോടിയപ്പോഴും സ്വന്തം സ്ഥാനത്തുനിന്ന് തെല്ലും കുലുങ്ങാതെ നിന്ന ബുദ്ധിയും പ്രശാന്തതയും അവനുണ്ടായിരുന്നു.
കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെ ഈരാറ്റുപേട്ട മേലമ്പാറയിലെ തറവാട്ടുമുറ്റത്ത് തളച്ചിരിക്കെയാണ് ബ്രഹ്മദത്തന് മിന്നലേറ്റത്. തറവാടിനോട് ചേർന്ന സ്ഥലത്ത് വനംവകുപ്പിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെ സംസ്കാരം നടത്തി നാട്ടുകാരുടെയും ഗജപ്രേമികളുടെയും സ്നേഹം ഒരുപോലെ ഏറ്റുവാങ്ങിയ ആനയുടെ വിയോഗത്തിൽ നാടൊന്നാകെ ദുഃഖത്തിലാഴ്ന്നിരിക്കുകയാണ്.

