ലണ്ടൻ: വീട് ഒഴിപ്പിക്കുന്നതിനിടയിൽ ഉപയോഗശൂന്യമായ പെട്ടികൾക്കിടയിൽ നിന്ന് കണ്ടെടുത്ത അപൂർവ്വ ‘ക്യു 1’ (Q1) മൈക്രോകമ്പ്യൂട്ടറുകൾ അന്താരാഷ്ട്ര ലേലത്തിൽ വൻ തുകയ്ക്ക് വിറ്റഴിഞ്ഞു. 2023-ൽ ലണ്ടനിലെ ഒരു വീട് ശുചീകരിക്കുന്നതിനിടെ ‘ജസ്റ്റ് ക്ലിയർ’ എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണ് ലോകത്ത് ഇന്നും അവശേഷിക്കുന്ന അപൂർവ്വ കമ്പ്യൂട്ടറുകളിൽ രണ്ടെണ്ണം കണ്ടെത്തിയത്. ഇതിൽ 1972-ൽ നിർമ്മിച്ച ആദ്യ മോഡൽ 37,179 പൗണ്ടിനാണ് (ഏകദേശം 40 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ലേലത്തിൽ വിറ്റുപോയത്.
ഇൻബിൽറ്റ് പ്രിന്ററോട് കൂടിയ 1972 മോഡൽ ക്യു 1 ഡെസ്‌ക്ടോപ്പ് മൈക്രോകമ്പ്യൂട്ടറിനൊപ്പം ഇതിന്റെ തൊട്ടടുത്ത പതിപ്പായ ‘ക്യു 1 ലൈറ്റും’, ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു പ്രിന്ററും അന്ന് കണ്ടെടുത്തിരുന്നു. ലോകത്താകെ മൂന്ന് ക്യു 1 കമ്പ്യൂട്ടറുകൾ മാത്രമാണ് നിലവിലുള്ളതെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഓക്ഷൻസ് വഴിയായിരുന്നു ഇവയുടെ ലേലം. പ്രാരംഭ വില നിശ്ചയിക്കാതെ നടത്തിയ ലേലത്തിൽ ആദ്യ മോഡലിന് 37,179 പൗണ്ടും, ക്യു 1 ലൈറ്റിന് 8,316 പൗണ്ടും, പ്രത്യേക പ്രിന്ററിന് 1,175 പൗണ്ടും ലഭിച്ചു. വിപണിയിൽ ഇതിനുമുമ്പ് ഇത്തരമൊരു വിൽപ്പന നടന്നിട്ടില്ലാത്തതിനാൽ ലേലത്തിൽ എത്ര തുക ലഭിക്കുമെന്നതിൽ മുൻധാരണകളൊന്നുമില്ലായിരുന്നുവെന്ന് ഹെറിറ്റേജ് ഓക്ഷൻസ് ലണ്ടൻ ഓഫീസ് മാനേജിംഗ് ഡയറക്ടർ സാറാ ബാൽബി വ്യക്തമാക്കിയിരുന്നു.
സാങ്കേതികവിദ്യാ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള ഉപകരണമാണിത്. സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് ആപ്പിൾ 1 കമ്പ്യൂട്ടർ പുറത്തിറക്കുന്നതിന് നാല് വർഷം മുമ്പ്, 1972-ലാണ് ക്യു 1 നിർമ്മിക്കപ്പെടുന്നത്. അതുവരെ കൂറ്റൻ കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ മാത്രം സാധ്യമായിരുന്ന പ്രവർത്തനമികവിനെ കൊണ്ടുനടക്കാവുന്ന ചെറിയൊരു ഉപകരണത്തിലേക്ക് ചുരുക്കാൻ ഇതിന്റെ മൈക്രോപ്രോസസ്സർ സാങ്കേതികവിദ്യക്ക് കഴിഞ്ഞു. തങ്ങളുടെ കാലഘട്ടത്തേക്കാൾ ഏറെ മുന്നിൽ സഞ്ചരിച്ച ഉപകരണമായിരുന്നു ക്യു 1 എന്നും, കമ്പ്യൂട്ടർ നിർമ്മാണ മേഖലയുടെ പിൽക്കാല വളർച്ചയ്ക്ക് ഇത് ശക്തമായ അടിത്തറയിട്ടുവെന്നും ഹെറിറ്റേജ് ഓക്ഷൻസിലെ വീഡിയോ ഗെയിംസ് വിഭാഗം ഡയറക്ടർ വലേരി സ്പീഗൽ വിലയിരുത്തി.

