28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം; വൻ സാങ്കേതിക തകരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

ലണ്ടൻ: ലണ്ടനിൽ നിന്ന് ചിക്കാഗോയിലേക്ക് പറന്നുയർന്ന ബ്രിട്ടീഷ് എയർവേസ് വിമാനം ഗുരുതരമായ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ച ബിഎ295 (BA295) ബോയിംഗ് 777-200ഇആർ വിമാനമാണ് അയർലൻഡിന് മുകളിൽ വെച്ച് അപകടത്തിൽപ്പെട്ടത്. സർവീസ് ആരംഭിച്ച് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ വിമാനത്തിൽ പെട്ടെന്ന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു.

37,000 അടി ഉയരത്തിൽ സഞ്ചരിക്കുകയായിരുന്ന വിമാനം മിനിറ്റുകൾക്കുള്ളിൽ 28,000 അടിയോളം താഴേക്ക് പതിച്ച് 9,000 അടിയിലേക്ക് താഴ്ന്നു. അതീവ ഗുരുതര സാഹചര്യം ഉടലെടുത്തതോടെ പൈലറ്റുമാർ അന്താരാഷ്ട്ര അടിയന്തര സിഗ്നലായ ‘സ്ക്വാക്ക് 7700’ സന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് കൈമാറി. തുടർന്ന് അയർലൻഡിന്റെ ആകാശത്തുവെച്ചുതന്നെ വിമാനം തിരിച്ച് ലണ്ടനിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

വിമാനം കുത്തനെ താഴേക്ക് പതിച്ചത് യാത്രക്കാരെ കടുത്ത പരിഭ്രാന്തിയിലാഴ്ത്തിയെങ്കിലും അപകടസാധ്യത ഒഴിവാക്കി താഴ്ന്ന ഉയരത്തിൽ വിമാനം നിയന്ത്രിക്കാൻ പൈലറ്റുമാർക്ക് കഴിഞ്ഞു. തുടർന്ന് വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. സാങ്കേതിക തകരാറിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ബ്രിട്ടീഷ് എയർവേസ് വിശദമായ പരിശോധന നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *