ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരടക്കം നിരവധി ഇന്ത്യ സഖ്യ നേതാക്കളാണ് കസ്റ്റഡിയിലായത്. പിന്നീട് ഇരുവരെയും ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വിട്ടയച്ചു.
പ്രധാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യ എംപിമാർ പാർലമെന്റിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. നിതി ആയോഗിന് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞു. തുടർന്ന് നേതാക്കൾ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. രാഹുൽ ഗാന്ധി പൊലീസ് ബാരിക്കേഡിന് മുകളിലേക്ക് കയറി ദേശീയപതാക വീശുകയും ചെയ്തു.
തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ ആകാശവാണി ഭവൻ വളപ്പിലേക്ക് പ്രവേശിച്ച് കുത്തിയിരിപ്പ് സമരം തുടർന്നു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിന് അനുമതി തേടി അപേക്ഷ ലഭിച്ചിരുന്നില്ലെന്നും ന്യൂഡൽഹി മേഖലയിൽ നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നുവെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. ഏകദേശം 260 പേരെ, 10 എംപിമാർ ഉൾപ്പെടെ, കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് തങ്ങളുടെ ആരോപണങ്ങൾ ഉന്നയിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ആവശ്യം. എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽനിന്നും കൂടിക്കാഴ്ചയ്ക്കായി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. സമരം അവസാനിപ്പിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും പൊലീസ് വിട്ടയച്ചു.

