പാർശ്വവൽക്കരിക്കപ്പെട്ടവരെ അടുത്തറിയാൻ ‘ഉന്നതി’ ഭവന സന്ദർശന പദ്ധതിയുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്

അങ്കമാലി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കി ക്ഷേമപദ്ധതികൾ വേഗത്തിലും കൃത്യമായും അർഹരിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘ഉന്നതി’ ഭവന സന്ദർശന പരിപാടിക്ക് തുടക്കമായി. സംസ്ഥാന സാമൂഹ്യ ഐക്യദാർഢ്യ വാരാചരണത്തിന്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തിലെ ചിറ്റേപ്പാടം ഉന്നതിയിൽ സംഘടിപ്പിച്ച ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സാമൂഹികതലങ്ങളിൽ അർഹമായ പരിഗണന ലഭിക്കാതെ പോയ പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിന് കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന സമീപനമാണ് അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ ദർശനങ്ങൾ മുൻനിർത്തി ഉന്നതികളിലെ ഓരോ കുടുംബത്തെയും അടുത്തറിഞ്ഞ് സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ക്ഷേമപദ്ധതികൾ സമയബന്ധിതമായി എത്തിക്കാൻ ഇത്തരം സന്ദർശനങ്ങൾ ഉപകരിക്കും. പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വഴിയൊരുക്കുന്ന അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ പ്രവർത്തനം മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *