ഫോർട്ടുകൊച്ചി: ആർട്ടിസ്റ്റ് രഹ്ന സലീൽ നേതൃത്വം നൽകുന്ന ‘ദി ആർട്ടിസ്റ്റ് ഗ്രൂപ്പി’ന്റെ ആഭിമുഖ്യത്തിൽ ‘ആർട്ട് അലയൻസ് സീസൺ 2’ ചിത്ര-ശില്പ പ്രദർശനവും വിൽപ്പനയും ഫോർട്ടുകൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ നടക്കും. ഒക്ടോബർ 8 മുതൽ 12 വരെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 8 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുഹമ്മദ് ഷിയാസ് എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെയും വിദേശത്തെയും നാല്പതോളം പ്രമുഖ കലാകാരന്മാരുടെ ചിത്രങ്ങൾ, പിത്തള ശില്പങ്ങൾ എന്നിവയോടൊപ്പം തിരുവനന്തപുരം സ്വദേശി ഗണേഷ് സുബ്രഹ്മണ്യം അരിമണിയോളം മാത്രം വലിപ്പത്തിൽ നിർമ്മിച്ച അതിസൂക്ഷ്മ സ്വർണ്ണ ശില്പങ്ങളും (മൈക്രോ സ്കൾപ്ചറുകൾ) പ്രദർശനത്തിന്റെ പ്രധാന ആകർഷണമായിരിക്കും. ഗണപതി, ആന, കഥകളി തുടങ്ങിയ രൂപങ്ങളാണ് സൂചിത്തുമ്പിലും അരിമണി വലിപ്പത്തിലും സ്വർണ്ണത്തിൽ വിസ്മയമൊരുക്കി തയ്യാറാക്കിയിട്ടുള്ളത്.
ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ഇൻഫർമേഷൻ ഓഫീസർ എൻ. രവികുമാർ അധ്യക്ഷത വഹിക്കും. ആർ.ജെയും നടിയുമായ ജൂവൽ ബേബി മുഖ്യാതിഥിയാകും. പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സ്വാഗതവും ടൂറിസം പ്രമോട്ടർ സി.കെ. ഫൈസൽ ആശംസാ പ്രസംഗവും ക്യുറേറ്റർ രഹ്ന സലീൽ കൃതജ്ഞതയും രേഖപ്പെടുത്തും.

