ന്യൂഡൽഹി: ഇന്ത്യയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നത് ചില വൻകിട വ്യവസായികൾ തടയുകയാണെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ ആരോപണം. രാജ്യത്തെ ടെലികോം വിപണിയിലെ തങ്ങളുടെ ‘കുത്തക സ്വാധീനം’ നിലനിർത്താനാണ് ഇവരുടെ ശ്രമമെന്നും മസ്ക് എക്സിലെ കുറിപ്പിൽ ആരോപിച്ചു. എന്നാൽ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് മസ്കിന്റെ പരാമർശം. ആവശ്യമായ സർക്കാർ അനുമതികളും സുരക്ഷാ ക്ലിയറൻസുകളും ലഭിച്ചാൽ സേവനം ആരംഭിക്കാൻ കമ്പനി സജ്ജമാണെന്ന് സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ലോറൻ ഡ്രെയർ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കായി 20 ഗേറ്റ്‌വേ സൈറ്റുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഇന്ത്യയിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനം നൽകുന്നതിനുള്ള ലൈസൻസ് സ്റ്റാർലിങ്കിന് ലഭിച്ചിട്ടുണ്ട്. എന്നാൽ സ്പെക്ട്രം അനുവദിക്കൽ, സുരക്ഷാ അനുമതികൾ ഉൾപ്പെടെയുള്ള അന്തിമ നടപടികൾ പൂർത്തിയാകാത്തതിനാൽ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം ഇതുവരെ ആരംഭിച്ചിട്ടില്ല.
സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവേശനം തടയുന്നുവെന്ന മസ്കിന്റെ ആരോപണത്തിന് തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വിപണിയിൽ ശക്തമായ സാന്നിധ്യമുള്ളവയാണ്. സ്റ്റാർലിങ്ക് ഇവരുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രാമീണ, വിദൂര മേഖലകളിൽ പരമ്പരാഗത ടെലികോം അടിസ്ഥാന സൗകര്യങ്ങളിലൂടെ ഇന്റർനെറ്റ് എത്തിക്കുന്നതിലെ വെല്ലുവിളികൾ മറികടക്കാൻ സാറ്റലൈറ്റ് ഇന്റർനെറ്റിന് കഴിയുമെന്നാണ് സ്റ്റാർലിങ്കിന്റെ വാദം. ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതിനുള്ള അന്തിമ സർക്കാർ അനുമതിയാണ് ഇപ്പോൾ പ്രധാനമായും കാത്തിരിക്കുന്നത്.

