കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയോട് തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. മുൻപ് രണ്ടുതവണ സി.ബി.ഐ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടുകൾ ചോദ്യം ചെയ്ത് കുടുംബം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഗിരീഷിന്റെ ബെഞ്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കണമെന്നും മരണത്തിൽ ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ ഉന്നയിച്ച സംശയങ്ങൾ സമഗ്രമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
2018-ലായിരുന്നു നാടിനെ നടുക്കിയ വാഹനാപകടത്തിൽ ബാലഭാസ്‌കറും മകൾ തേജസ്വിനി ബാലയും മരണപ്പെട്ടത്. അപകടം നടന്നതു മുതൽ ദുരൂഹതകൾ നിലനിന്നിരുന്നെങ്കിലും, അപകടം സ്വാഭാവികമാണെന്നും മരണത്തിൽ ഗൂഢാലോചനയില്ലെന്നുമായിരുന്നു സി.ബി.ഐയുടെ മുൻ കണ്ടെത്തൽ. എന്നാൽ, ഈ കണ്ടെത്തലുകളിൽ തൃപ്തരല്ലാത്ത കുടുംബം, അപകടം നടന്ന സ്ഥലത്തെ നിർണായക സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ദുരൂഹതകളും കൂടുതൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ വാദങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

