നാദി (ഫിജി): തുർക്കിയിലെ അന്റാലിയയിൽ നവംബറിൽ നടക്കാനിരിക്കുന്ന നിർണ്ണായക ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ്31) മുന്നോടിയായി പസഫിക് മേഖലയിലെ രാജ്യങ്ങളുടെ പ്രതിസന്ധികൾ ആഗോളതലത്തിൽ ഉയർത്തിക്കാട്ടാൻ ഓസ്ട്രേലിയയും ഫിജിയും സംയുക്ത നീക്കത്തിന് നേതൃത്വം നൽകുന്നു. ഫിജിയിൽ നടന്ന പ്രീ-കോപ് ചർച്ചകൾ വിജയകരമായി പൂർത്തിയായതോടെയാണ് അന്റാലിയ ഉച്ചകോടിയിലേക്കുള്ള നയപരമായ അടിത്തറ രൂപപ്പെട്ടത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പസഫിക് ദ്വീപ് രാജ്യങ്ങളുടെ അതിജീവന പ്രശ്നങ്ങൾക്ക് വരാനിരിക്കുന്ന ഉച്ചകോടിയിൽ മുഖ്യ പരിഗണന ഉറപ്പാക്കുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ആഗോള താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുന്നതിനുമുള്ള കർശനമായ ആഗോള നടപടികൾ അന്റാലിയ ഉച്ചകോടിയിൽ അംഗീകരിക്കണമെന്ന് സംയുക്ത ചർച്ചയിൽ ആവശ്യമുയർന്നു. പരിസ്ഥിതി സൗഹൃദ ഊർജ്ജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കാനും അവികസിത-ചെറുദ്വീപ് രാജ്യങ്ങൾക്ക് ആവശ്യമായ കാലാവസ്ഥാ ധനസഹായം ലഭ്യമാക്കാനും അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാക്കാൻ പ്രീ-കോപ് യോഗം തീരുമാനിച്ചു.

