19-ാമത് ‘കൊക്കൂൺ സൈബർ സുരക്ഷാ കോൺഫറൻസിന് സമാപനം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച 19-ാമത് കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഡ്രോൺ പറത്തി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടക്കുന്ന സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിൽ കേരള പോലീസും സൈബർ ഡോമും നടത്തുന്ന ഇടപെടലുകൾ സമ്മേളനത്തിൽ പ്രത്യേക പരാമർശമായി.

സൈബർ സുരക്ഷയ്ക്ക് സമകാലിക ലോകത്ത് വലിയ പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. റോജി എം. ജോൺ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്ത് വ്യക്തികളുടെ സ്വകാര്യ ഇടങ്ങളിലേക്ക് കടന്നുകയറുന്ന പ്രവണത വർധിച്ചുവരികയാണ്. സ്ത്രീകൾ, കുട്ടികൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിവരാണ് ഇത്തരം സൈബർ ഇടങ്ങളിൽ പ്രധാനമായും ഇരകളാക്കപ്പെടുന്നത്. സാധാരണക്കാരുടെ പണം തട്ടിയെടുക്കുന്നതും സ്ഥാപനങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളും അതീവ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. സൈബർ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ പോലീസും വിദ്യാർഥികളും സാങ്കേതിക വിദഗ്ധരും സർക്കാർ സംവിധാനങ്ങളും കൈകോർക്കണമെന്നും ഇത്തരം സമ്മേളനങ്ങൾ പ്രശ്നപരിഹാരങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനം മികച്ച രീതിയിൽ സംഘടിപ്പിച്ച കേരള പോലീസിനെയും സംഘാടകരെയും മന്ത്രി അഭിനന്ദിച്ചു.

സിനിമകളിൽ നായകന്മാർക്ക് കൈയടി ലഭിക്കുമ്പോൾ, സൈബർ ലോകത്തെ യഥാർത്ഥ നായകർ നിശ്ശബ്ദരായി പ്രവർത്തിച്ച് ദുരന്തങ്ങൾ തടയുകയും മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കുകയുമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ചലച്ചിത്രതാരം ദുൽഖർ സൽമാൻ അഭിപ്രായപ്പെട്ടു. ഓരോ നെറ്റ്‌വർക്കിന് പിന്നിലും ഒരു വ്യക്തിയുടെ സ്വകാര്യതയും സമ്പാദ്യവും വിശ്വാസവുമാണ് അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സമാപന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ടോണി ചമ്മണി എം.എൽ.എ, പ്രമുഖ വ്യവസായി എം.എ. യൂസഫ് അലി, ഡിജിപിമാരായ റവാഡ ചന്ദ്രശേഖർ, മനോജ് എബ്രഹാം, എഡിജിപി പി. വിജയൻ എന്നിവരുൾപ്പെടെ പ്രമുഖർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *