സുപ്രീംകോടതിയിലേക്ക് ഇന്ന് രാഹുലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ മാർച്ച്; ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ ഇന്ത്യാ മുന്നണി ഇന്ന് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിൽക്കണ്ട് നിവേദനം നൽകാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അനുമതി ലഭിച്ചില്ല.

രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ, ഉന്നയിക്കുന്ന വിഷയങ്ങൾ നിയമപരമായി കോടതിയെ സമീപിച്ച് അവതരിപ്പിക്കണമെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ ഭരണപരമായ തലത്തിൽ ഇടപെടാനാകില്ലെന്നും ഹർജി സമർപ്പിച്ചാൽ പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചതായാണ് റിപ്പോർട്ട്.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്‌ഐആർ നടപടികൾ, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ആരോപിച്ചുള്ള പരാതികൾ, ഗ്യാനേഷ് കുമാറിന്റെ രാജി, ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കൽ എന്നിവയാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയും പ്രതിപക്ഷം വിഷയമാക്കുന്നുണ്ട്.

ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാഷ്ട്രീയ ഭേദമന്യേ പൗരന്മാർ പങ്കെടുക്കണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഡൽഹിയിൽനിന്ന് മാർച്ച് ആരംഭിക്കാനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം.

അതേസമയം, ഡൽഹിയിൽ വിദ്യാർഥി-യുവജന സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കിടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പൊലീസ് നടപടിയെ വിമർശിച്ചു. പ്രതിഷേധങ്ങൾക്കിടെ പൊതുഗതാഗതം തടസ്സപ്പെടാതിരിക്കണമെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *