മെൽബൺ: തിന്മയ്ക്ക് മേൽ നന്മയുടെ വിജയവും ശ്രീരാമന്റെ ധർമ്മവിജയവും വിളംബരം ചെയ്യുന്ന ദസറ ആഘോഷങ്ങൾക്ക് മെൽബൺ ഒരുങ്ങുന്നു. മെൽബൺ ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ 2026 ഒക്ടോബർ 25 ഞായറാഴ്ചയാണ് പ്രവാസി സമൂഹത്തെ ഒന്നടങ്കം പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഡീൻസൈഡിലെ ശ്രീ ദുർഗ്ഗാ ക്ഷേത്ര അങ്കണത്തിൽ (705–715 Neale Road, Deanside, VIC 3336) വെച്ചാണ് പരിപാടികൾ അരങ്ങേറുന്നത്.
ഇന്ത്യൻ സംസ്കാരവും ഭക്തിയും പാരമ്പര്യവും ഒത്തുചേരുന്ന ആഘോഷത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെ കുട്ടികളുടെയും മുതിർന്നവരുടെയും വർണ്ണാഭമായ സാംസ്കാരിക നൃത്ത-സംഗീത പരിപാടികൾ നടക്കും. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ പരമ്പരാഗത ‘രാംലീല’ അവതരണവും അരങ്ങേറും.
സൂര്യാസ്തമയ സമയത്ത് നടക്കുന്ന വൻ രാവണ ദഹനവും അതിനുശേഷമുള്ള വർണ്ണശബളമായ കരിമരുന്ന് പ്രയോഗവുമാണ് പ്രധാന ആകർഷണങ്ങൾ. കൂടാതെ, കാർണിവൽ റൈഡുകൾ, തനത് ഇന്ത്യൻ തെരുവ് ഭക്ഷണ സ്റ്റാളുകൾ തുടങ്ങി കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വാദ്യകരമായ നിരവധി വിനോദ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മെൽബണിലെ ഇന്ത്യൻ സമൂഹത്തെയും പുതുതലമുറയെയും തനത് പൈതൃകവുമായി ബന്ധിപ്പിക്കുന്ന ഈ ഉത്സവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

