വിറാൽ: വാടകവീട്ടിൽ വാർഷിക ഗ്യാസ് സുരക്ഷാ പരിശോധനകൾ നടത്താതിരുന്ന സംഭവത്തിൽ വീട്ടുടമസ്ഥനെതിരെ കർശന നടപടിയുമായി അധികൃതർ. വിറാലിലെ ന്യൂ ഫെറിയിലുള്ള സോൾസ്ബറി ഡ്രൈവിലെ വീടിന്റെ ഉടമയായ ആദം എവൻസിനെതിരെയാണ് വിറൽ മജിസ്ട്രേറ്റ് കോടതി നടപടിയെടുത്തത്. തന്റെ വീട്ടിൽ താമസിച്ചിരുന്ന ഒരു സ്ത്രീയുടെയും അവരുടെ അഞ്ച് കുട്ടികളുടെയും ഗ്യാസ് ബോയിലർ സുരക്ഷാ പരിശോധന എട്ട് വർഷത്തോളമായി ഇയാൾ നടത്തിയിരുന്നില്ല.
2016 മുതൽ ഇവിടെ താമസിച്ചിരുന്ന വാടകക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, വിറൽ ബറോ കൗൺസിൽ നൽകിയ വിവരമനുസരിച്ച് 2024 ഒക്ടോബറിലാണ് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് (എച്ച്.എസ്.ഇ) സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഗ്യാസ് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിൽ ആദം എവൻസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാൾക്ക് 2,400 പൗണ്ട് പിഴയും 5,000 പൗണ്ട് കോടതിച്ചെലവും വിറൽ മജിസ്ട്രേറ്റ് കോടതി വിധിച്ചു.
വാടകവീടുകളിൽ വാർഷിക ഗ്യാസ് സുരക്ഷാ പരിശോധനകൾ നടത്തേണ്ടത് വീട്ടുടമസ്ഥന്റെ നിയമപരമായ ബാധ്യതയാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഇത്തരം പരിശോധനകൾ മുടക്കുന്നത് കാർബൺ മോണോക്സൈഡ് വിഷബാധ പോലുള്ള മാരകമായ അപകടങ്ങൾക്ക് കാരണമായേക്കാം. പരിശോധനകളിൽ വീഴ്ച വരുത്തുന്ന വീട്ടുടമകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വൻതുക പിഴയൊടുക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

