പരിക്കേറ്റ വവ്വാലുകളെ തൊടരുത്; മാരക അണുബാധ മുന്നറിയിപ്പുമായി ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത്

സിഡ്‌നി: പരിക്കേറ്റതോ അവശതയിലായതോ ആയ നിലയിൽ കാണപ്പെടുന്ന വവ്വാലുകളെ യാതൊരു കാരണവശാലും തൊടരുതെന്നും അവയിൽ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്നും കർശന മുന്നറിയിപ്പ് നൽകി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് . സെപ്റ്റംബർ 28-നും ഒക്ടോബർ 10-നും ഇടയിലുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മാത്രം വവ്വാലുകളുടെ കടിയേൽക്കുകയോ മാന്തലേൽക്കുകയോ ചെയ്ത 43 പേർക്കാണ് എൻ.എസ്.ഡബ്ല്യു ഹെൽത്ത് അടിയന്തര ചികിത്സയും പരിശോധനകളും നൽകിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത്തരത്തിൽ 10 പേർ മാത്രമാണ് ചികിത്സ തേടിയിരുന്നത്.

അപൂർവ്വവും എന്നാൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്നതുമായ ‘ഓസ്‌ട്രേലിയൻ ബാറ്റ് ലൈസാവൈറസ്’ വവ്വാലുകളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സ്വാഭാവിക ആവാസവ്യവസ്ഥകളിൽ ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസ് തീരപ്രദേശങ്ങളിലെ വീട്ടുപറമ്പുകളിലുള്ള മരങ്ങളിലേക്ക് പഴംതീനി വവ്വാലുകൾ വ്യാപകമായി ചേക്കേറുന്നതാണ് മനുഷ്യരുമായുള്ള സമ്പർക്കം വർധിക്കാൻ കാരണം.

വവ്വാലുകൾ പരിക്കേറ്റ നിലയിലോ അപകടത്തിൽപ്പെട്ട നിലയിലോ കാണപ്പെട്ടാൽപ്പോലും ആളുകൾ സ്വയം അവയെ പിടിക്കാനോ രക്ഷിക്കാനോ ശ്രമിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങളിൽ 1300 094 737 എന്ന നമ്പറിൽ വന്യജീവി സംരക്ഷണ ഏജൻസിയായ വയേഴ്സിനെയോ ലൈസൻസുള്ള മറ്റ് റെസ്ക്യൂ സംഘങ്ങളെയോ ആണ് വിവരം അറിയിക്കേണ്ടത്. അഥവാ വവ്വാലിൽ നിന്ന് കടിയേൽക്കുകയോ മാന്തലേൽക്കുകയോ ചെയ്താൽ, മുറിവേറ്റ ഭാഗം ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റോളം കഴുകി വൃത്തിയാക്കണമെന്നും ഒട്ടും വൈകാതെ വിദഗ്ധ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *