എലിസബത്ത് സ്ട്രൂസിന്റെ മരണം; ചൈൽഡ് സേഫ്റ്റി ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് കോടതിയിൽ പോലീസിന്റെ മൊഴി

ബ്രിസ്ബേൻ: പ്രമേഹം മൂർച്ഛിച്ച് എട്ടുവയസ്സുകാരി എലിസബത്ത് സ്ട്രൂസ് മരണപ്പെട്ട സംഭവത്തിൽ, ഡോക്ടർമാരുടെ ശക്തമായ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് കുട്ടിയെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കാൻ ചൈൽഡ് സേഫ്റ്റി വിഭാഗം തീരുമാനിച്ചതെന്ന് വെളിപ്പെടുത്തൽ. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ക്വീൻസ്‌ലാൻഡിൽ നടക്കുന്ന കൊറോണിയൽ അന്വേഷണ കമ്മീഷന് മുന്നിലാണ് പത്തുവർഷത്തോളം ചൈൽഡ് സേഫ്റ്റി ലെയ്‌സൺ ആയി പ്രവർത്തിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ നിർണായക മൊഴി നൽകിയത്. ഒരിക്കൽ കുട്ടിയെ വീട്ടിലേക്ക് വിടാൻ തീരുമാനമെടുത്തുകഴിഞ്ഞാൽ, എന്തുതന്നെ സംഭവിച്ചാലും ചൈൽഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ മനസ്സ് മാറ്റാൻ ആർക്കും സാധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

2019-ൽ ഡയബറ്റിക് കീറ്റോഅസിഡോസിസ് ബാധിച്ച് കോമയിലായ ആറുവയസ്സുകാരി എലിസബത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഈ വിവാദ തീരുമാനമുണ്ടായത്. ആശുപത്രി വിട്ട ശേഷം കുട്ടിയെ തുവുംബയിലെ വീട്ടിലേക്ക് വിടാതിരിക്കുന്നത് കുട്ടിക്ക് കൂടുതൽ ദോഷം ചെയ്യുമെന്ന നിലപാടാണ് അന്ന് ചൈൽഡ് സേഫ്റ്റി അധികൃതർ സ്വീകരിച്ചത്. എന്നാൽ, ടൈപ്പ്-1 പ്രമേഹബാധിതയായ എലിസബത്തിന്റെ ജീവൻ നിലനിർത്താൻ ദിവസേന ആവശ്യമുള്ള ഇൻസുലിൻ നൽകുന്നത് മാതാപിതാക്കൾ മനഃപൂർവ്വം നിർത്തിവെച്ചതിനെ തുടർന്ന് 2022 ജനുവരി 7-ന് കുട്ടി വീട്ടിൽ വെച്ച് ദാരുണമായി മരണപ്പെടുകയായിരുന്നു.

ആധുനിക വൈദ്യചികിത്സയിൽ വിശ്വസിക്കാത്ത ‘ദി സെയ്ന്റ്സ്’ എന്ന തീവ്ര മതവിഭാഗത്തിലെ അംഗങ്ങളായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ. പ്രാർത്ഥനയിലൂടെ കുട്ടിക്ക് രോഗശാന്തി ലഭിക്കുമെന്നും അല്ലെങ്കിൽ മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്നുമുള്ള അന്ധവിശ്വാസമാണ് കുട്ടിയുടെ ജീവനെടുത്തത്. കുട്ടിയുടെ പിതാവ് ജേസൺ സ്ട്രൂസ്, മാതാവ് കെറി സ്ട്രൂസ് എന്നിവരുൾപ്പെടെ ഈ വിഭാഗത്തിലെ 14 മുതിർന്ന അംഗങ്ങളെയും മനഃപൂർവ്വമല്ലാത്ത നരഹത്യക്കുറ്റത്തിന് കഴിഞ്ഞ വർഷം കോടതി ശിക്ഷിച്ചിരുന്നു.

2019-ൽ കുട്ടി ആശുപത്രിയിലായപ്പോൾത്തന്നെ ക്വീൻസ്‌ലാൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ മുതിർന്ന ഡോക്ടർമാർ അപായ സൂചന നൽകിയിരുന്നതായി കൊറോണർ ഐൻസ്ലി കിർക്കെഗാർഡ് മുമ്പാകെ തെളിവ് ലഭിച്ചു. താൻ മരുന്നുകളിൽ വിശ്വസിക്കുന്നില്ലെന്നും ഭർത്താവിനോട് ആശുപത്രി സഹായം തേടാതെ പ്രാർത്ഥനയിൽ അഭയം കണ്ടെത്താനാണ് ആവശ്യപ്പെട്ടതെന്നും കെറി അന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് കുട്ടിക്ക് അടിസ്ഥാന ജീവൻരക്ഷാ സൗകര്യങ്ങൾ നിഷേധിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസെടുക്കുകയും കെറി ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് കഴിഞ്ഞാൽ കുട്ടിയുടെ ദീർഘകാല ഇൻസുലിൻ ചികിത്സയെ അമ്മ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കുട്ടിയെ പിതാവിന്റെ സംരക്ഷണത്തിൽ വിടാനാണ് ചൈൽഡ് സേഫ്റ്റി ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

പോലീസും ആരോഗ്യപ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ ക്വീൻസ്‌ലാൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഇതിനെ ശക്തമായി എതിർത്തെങ്കിലും, പിതാവ് കുട്ടിയെ നോക്കാൻ തയ്യാറാണെന്നും അതിനാൽ കുട്ടിയെ മാറ്റുന്നത് കൂടുതൽ ദോഷം ചെയ്യുമെന്നുമായിരുന്നു ചൈൽഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ നിലപാട്. തങ്ങൾ എന്ത് പറഞ്ഞാലും ചൈൽഡ് സേഫ്റ്റിയുടെ തീരുമാനങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ലായിരുന്നുവെന്നും, അവർക്ക് സ്വന്തമായ വിലയിരുത്തൽ രീതികൾ ഉള്ളതിനാൽ ഉദ്യോഗസ്ഥരെന്ന നിലയിൽ അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കേണ്ടി വന്നിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകി.

തുടക്കത്തിൽ ഭാര്യയുടെയും മക്കളുടെയും എതിർപ്പ് മറികടന്ന് കുട്ടിക്ക് ഇൻസുലിൻ നൽകാൻ തയ്യാറായ പിതാവ് ജേസൺ, പിന്നീട് 2021-ൽ ഭാര്യയുടെ മതവിശ്വാസം സ്വീകരിക്കുകയും സഭയിൽ ചേരുകയും ചെയ്തതോടെ ഇൻസുലിൻ നൽകുന്നത് നിർത്തലാക്കുകയായിരുന്നു. ഇതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. കുട്ടിയെ വീട്ടിലേക്ക് വിട്ട നടപടിയിൽ അന്ന് തൃപ്തികരമായ സമീപനമാണ് ഉണ്ടായിരുന്നതെന്നും, കുടുംബം ആശുപത്രിയുമായും എഡ്യൂക്കേറ്റർമാരുമായും ബന്ധം പുലർത്തുന്നിടത്തോളം കുട്ടി സുരക്ഷിതയായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും തുവുംബ ആശുപത്രിയിലെ ശിശുസംരക്ഷണ പീഡിയാട്രീഷ്യൻ കോടതിയിൽ പറഞ്ഞു. എന്നാൽ ബ്രിസ്ബേനിലെ കുട്ടികളുടെ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഈ നടപടിയെ പൂർണ്ണമായും തള്ളിക്കളഞ്ഞു. അപകടസാധ്യത തടയാൻ ഒട്ടും പര്യാപ്തമല്ലാത്ത സമീപനമായിരുന്നു ഇതെന്നും, ഇരു ആശുപത്രികളും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ കാരണം തങ്ങളുടെ മുന്നറിയിപ്പുകൾ പൂർണ്ണമായി തള്ളിക്കളയുകയായിരുന്നുവെന്നും അവർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഇരു ആശുപത്രികളും തമ്മിൽ അത്തരം തർക്കങ്ങൾ ഉണ്ടായിരുന്നില്ലെന്ന് തുവുംബയിലെ ഡോക്ടർ വാദിച്ചു. നിയമപരമായ കാരണങ്ങളാൽ സാക്ഷികളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. കേസിൽ വിശദമായ കൊറോണിയൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *