അഡ്ലെയ്ഡ്: സൗത്ത് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിലുള്ള മോട്ടൽ മുറിയിൽ ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുരുഷനും സ്ത്രീക്കുമെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. ബെഞ്ചമിൻ നിക്കോളാസ് ഹൗട്ടൺ (40), യു നിങ് ലിയു (42) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച തെക്കൻ അഡ്ലെയ്ഡിലെ ഗ്ലെൻ ഓസ്മോണ്ടിലുള്ള ടോൾഗേറ്റ് മോട്ടലിൽ പോലീസ് നടത്തിയ ക്ഷേമാന്വേഷണ പരിശോധനയ്ക്കിടെയാണ്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് മരിച്ചിട്ട് കുറച്ചു നാളുകളായിരുന്നുവെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൗത്ത് ഓസ്ട്രേലിയ പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന് ആറിനും ഏഴിനും ഇടയിൽ മാസങ്ങൾ മാത്രമാണ് പ്രായമെന്ന് വ്യക്തമായി.
ഈ വർഷത്തിന്റെ തുടക്കത്തിൽ സൗത്ത് ഓസ്ട്രേലിയയിൽ എത്തിയതു മുതൽ ഇരുവരും ഈ മോട്ടലിലാണ് താമസിച്ചിരുന്നത്. കുട്ടിയോടുള്ള ഗുരുതരമായ അനാസ്ഥ/കുറ്റകരമായ അവഗണന നീതിനിർവ്വഹണം തടസ്സപ്പെടുത്തുന്നതിനായി മനുഷ്യശരീരാവശിഷ്ടങ്ങൾ നശിപ്പിക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ച അഡ്ലെയ്ഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികൾ ജാമ്യത്തിന് അപേക്ഷിച്ചില്ല. തുടർന്ന് കോടതി ഇവരെ 2027 മെയ് 3 വരെ റിമാൻഡ് ചെയ്തു. സംഭവത്തിന്റെ സങ്കീർണ്ണതയും ഗൗരവവും കണക്കിലെടുത്ത് കേസിന്റെ അന്വേഷണം സൗത്ത് ഓസ്ട്രേലിയൻ പോലീസിന്റെ മേജർ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഏറ്റെടുത്തു. ടോൾഗേറ്റ് മോട്ടലിൽ താമസിച്ചിട്ടുള്ളവരോടോ, പ്രത്യേകിച്ച് പ്രതികൾ താമസിച്ചിരുന്ന റൂം നമ്പർ നാലിലെ താമസക്കാരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉള്ളവരോടോ ക്രൈം സ്റ്റോപ്പേഴ്സുമായി (Crime Stoppers) ബന്ധപ്പെട്ട് വിവരം കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

