വോട്ടർ പട്ടിക പരിഷ്കരണം; അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്; നുഴഞ്ഞുകയറ്റക്കാരുടെ കണക്ക് പുറത്തുവിടണമെന്ന് ജയറാം രമേശ്

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്. എസ്.ഐ.ആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയെന്നും, എത്ര പേരെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തുവെന്നും, എത്ര പേരെ നാടുകടത്തിയെന്നും വ്യക്തമാക്കണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ പുറത്തുവിടണമെന്നും എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.

“എസ്.ഐ.ആറിനെ ന്യായീകരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയോട് വളരെ ലളിതവും വ്യക്തവുമായ മൂന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നു: ഒന്ന്, എത്ര നുഴഞ്ഞുകയറ്റക്കാരെയാണ് കണ്ടെത്തിയത്? രണ്ട്, എത്ര നുഴഞ്ഞുകയറ്റക്കാരെയാണ് പട്ടികയിൽനിന്ന് നീക്കം ചെയ്തത്? മൂന്ന്, എത്ര നുഴഞ്ഞുകയറ്റക്കാരെയാണ് നാടുകടത്തിയത്? 100 കോടിയിലധികം ഇന്ത്യക്കാരാണ് എസ്.ഐ.ആർ. പ്രക്രിയയിലൂടെ കടന്നുപോയത്. അതിന്റെ ഫലം അറിയാൻ അവർക്ക് അവകാശമുണ്ട്” – ജയറാം രമേശ് വ്യക്തമാക്കി.

എസ്.ഐ.ആറിനെ ‘ഷാ ഇൻസ്റ്റിഗേറ്റഡ് റിമൂവൽ’ എന്ന് പരിഹസിച്ച ജയറാം രമേശ്, ഈ പ്രക്രിയയിലൂടെ 14 കോടി ഇന്ത്യക്കാരുടെ ഭരണഘടനാപരമായ വോട്ടവകാശം കവർന്നെടുത്തുവെന്നും ആരോപിച്ചു. ഈ യാഥാർത്ഥ്യത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് നുഴഞ്ഞുകയറ്റക്കാരെന്ന വാദം ആവർത്തിച്ച് ഉന്നയിക്കുന്നത്. എസ്.ഐ.ആറിലൂടെ വോട്ടവകാശം നഷ്ടമായ 14 കോടി ഇന്ത്യക്കാരും നുഴഞ്ഞുകയറ്റക്കാരാണെന്നാണോ അമിത് ഷാ പറയുന്നതെന്നും, ആഭ്യന്തരമന്ത്രിയുടെ പദവിയിലിരിക്കെ രാജ്യത്ത് നുഴഞ്ഞുകയറ്റക്കാരുടെ വൻ വർധനവിന് അദ്ദേഹം മേൽനോട്ടം വഹിക്കുകയാണോ ചെയ്തതെന്നും ജയറാം രമേശ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *