പുണെ: ക്ഷേത്രത്തിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മെട്രോ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്ന കരാർ തൊഴിലാളിയായ വിശാൽ സിങ്ങിനെയാണ് (Vishal Singh) നിഗ്ഡി പൊലീസ് അറസ്റ്റ് ചെയ്തത്. പുണെ ജില്ലയിലെ പിംപ്രി-ചിഞ്ച്വാഡ് നഗരത്തിലെ നിഗ്ഡി പ്രദേശത്തുള്ള ശിവക്ഷേത്രത്തിൽ ഒക്ടോബർ 10-ന് രാവിലെ 11:07-ഓടെയാണ് സംഭവം നടന്നത്. അതിക്രമത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായി. തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ക്ഷേത്രത്തിനുള്ളിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക്, നിർമാണ തൊഴിലാളികൾ ധരിക്കുന്ന ഓറഞ്ച് ജാക്കറ്റ് ധരിച്ച പ്രതി കടന്നുവരുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടി തനിച്ചാണെന്ന് കണ്ട പ്രതി പെട്ടെന്ന് കുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച് അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. എന്നാൽ ഭയന്നുപോയ പെൺകുട്ടി സർവശക്തിയുമെടുത്ത് പ്രതിയെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു. ഇതോടെ പ്രതിയും അവിടെനിന്ന് കടന്നുകളഞ്ഞു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തതായി നിഗ്ഡി പൊലീസ് സീനിയർ ഇൻസ്പെക്ടർ മഹേഷ് ബൻസോഡെ അറിയിച്ചു. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പുകളും പോക്സോ (POCSO) നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

