തടിയമ്പാട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ‘ജ്വാല 2026’ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് കലോത്സവം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വത്സൻ, ഇടുക്കി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സിബി മത്തായി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജയ്സൺ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ബിജു നിള, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ സാലി ബാബു, സിജി ചാക്കോ, റിൻസി സിബി, ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, ടിന്റു സുഭാഷ്, സി. ജി. കലേഷ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി യേശുദാസി എസ്. മേരി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ അലോഷ്യ ജോസഫ്, സ്പെഷ്യൽ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അമൽജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥി ജീവൻ ടെൽസ് വരച്ച ജില്ലാ കളക്ടറുടെ ഛായാചിത്രം കളക്ടർക്ക് സമ്മാനിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.

