ഈരാറ്റുപേട്ട: തൊടുപുഴയിലുണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി മരിച്ചു. വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജുബീന (38) ആണ് മരിച്ചത്. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ ബസ് ഡ്രൈവർ മറ്റയ്ക്കാട് കരോട്ടുവീട്ടിൽ അബ്ദുറഹീമിന്റെ മകളാണ്.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ജുബീന, ടിപ്പർ ലോറി തട്ടി റോഡിലേക്ക് വീഴുകയും തുടർന്ന് പിന്നാലെ വന്ന മറ്റൊരു വാഹനം ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. അപകടസ്ഥലത്തു വെച്ചുതന്നെ ഇവർ മരണപ്പെട്ടു. നേരത്തെ ഈരാറ്റുപേട്ട പി.എച്ച്.സിയിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുള്ള ജുബീന നിലവിൽ കുടുംബത്തോടൊപ്പം തൊടുപുഴയിലായിരുന്നു താമസം.
തൊടുപുഴ മടക്കത്താനം സ്വദേശി ഇംറാനാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

